ലക്‌നൗ: ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയാതെ, യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഐടി കമ്പനിയിലെ മാനേജറായിരുന്ന മാനവ് ശർമയാണ് ഭാര്യയുടെ പീഡനത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചതിന് ശേഷം തൂങ്ങി മരിച്ചത്.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവ് വീഡിയോയിൽ ആരോപിച്ചു. സംഭവത്തിൽ, മാനവ് ശർമയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴുത്തിൽ കുരുക്കുമായി ആണ് മാനവ് ശർമ വീഡിയോ പങ്കുവച്ചത്. നിങ്ങൾ പുരുഷൻമാരെ കുറിച്ച് ചിന്തിക്കണമെന്ന് പറഞ്ഞ് കരയുന്നത് വീഡിയോയിൽ കാണാം. നിയമങ്ങൾ പുരുഷന്മാരെ സംരക്ഷിക്കുന്നില്ലെങ്കിൽ, കുറ്റപ്പെടുത്തപ്പെടാൻ ഒരു പുരുഷനും അവശേഷിക്കില്ലെന്നും അയാൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നേരത്തെയും മാനവ് ശർമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും കൈത്തണ്ടയിൽ മുറിവേറ്റ പാടുകൾ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന്, മാനവ് ശർമ്മയുടെ പിതാവ് സദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം, മാനവ് ശർമ്മയുടെ ഭാര്യ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്റെ ഭർത്താവ് മദ്യപാനത്തിന് അടിമയായിരുന്നുവെന്നും പലപ്പോഴും സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നും ആണ് യുവതിയുടെ ആരോപണം.
‘അയാൾ അമിതമായി മദ്യപിച്ചിരുന്നു. പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഞാൻ അയാളെ മൂന്ന് തവണ രക്ഷിച്ചിട്ടുണ്ട്. മദ്യപിച്ച ശേഷം അയാൾ എന്നെ ആക്രമിക്കാറുണ്ട്. പലതവണ അയാളുടെ അമ്മയെ വിവരം അറിയിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ പറഞ്ഞതൊന്നും അവർ അംഗീകരിച്ചിരുന്നില്ല’ യുവതി പറഞ്ഞു. തനിക്ക് ആരുമായും ബന്ധമില്ലെന്നും ബന്ധമെല്ലാം കല്യാണത്തിന് മുമ്പായിരുന്നുവെന്നും അവർ വ്യക്തമാക്കി.
അതേസമയം, കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഗ്രഎഎസ്പി വിനായക് ഗോപാൽ പറഞ്ഞു. മാനവ് ശർമയുടെ മൊബൈൽ ഫോൺ ലോക്ക് ആയിരുന്നു. പക്ഷേ സഹോദരിക്ക് പാസ്വേഡ് അറിയാമായിരുന്നു. ഫോൺ അൺലോക്ക് ചെയ്തപ്പോൾ ഒരു വീഡിയോ കണ്ടെടുത്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് അയാൾ കരുതിയിരുന്നു. അതാണ് ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് അയാളെ നയിച്ചുവെന്നും വീഡിയോയിൽ നിന്ന് വ്യക്തമായതായി എഎസ്പി അറിയിച്ചു.
Discussion about this post