സ്കൈപ്പ് ഇനിയില്ല; അടച്ചുപൂട്ടാൻ മൈക്രോസോഫ്റ്റ്

Published by
Brave India Desk

22 വര്‍ഷങ്ങൾ നീണ്ട സേവനത്തിന് ശേഷം വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മെയ് മാസം മുതല്‍ സ്കൈപ്പ് ഇനി ഉപയോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് എക്‌ഡിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് ദൃശ്യമായേക്കും. എന്നാല്‍ സ്കൈപ്പ് അടച്ചുപൂട്ടുന്നു എന്ന വാര്‍ത്തയില്‍ പ്രതികരണത്തിനായി മൈക്രോസോഫ്റ്റിനെ എക്സ്ഡിഎ സമീപിച്ചെങ്കിലും കമ്പനി ഇക്കാര്യത്തിൽ മൗനം വെടിഞ്ഞിട്ടില്ല.

സ്കൈപ്പ് 2025 മെയ് മാസത്തോടെ പ്രവര്‍ത്തനരഹിതമാകും എന്നാണ് എക്‌ഡിഎയുടെ പുതിയ റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് തന്നെ 2017ല്‍ പുറത്തിറക്കിയ ടീംസ് ആപ്പ് (Microsoft Teams) സ്കൈപ്പിന് കനത്ത വെല്ലുവിളിയായുണ്ട്. വര്‍ക്ക്‌സ്പേസ് ചാറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഫയല്‍ സ്റ്റോറേജ് തുടങ്ങിയ ഓപ്ഷനുകള്‍ മൈക്രോസോഫ്റ്റ് ടീംസിലുണ്ട്. സ്കൈപ്പ് അടച്ചുപൂട്ടിയാല്‍ ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റ് ടീംസിലേക്ക് ചേക്കേറേണ്ടിവരും

 

ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. 2003ലാണ് സ്കൈപ്പ് ലോഞ്ച് ചെയ്തത്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ സ്കൈപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

Share
Leave a Comment

Recent News