ദില്ലി: സൈബർ തട്ടിപ്പുകൾ വ്യാപകവും നൂതനവുമാകുന്ന ഇക്കാലത്ത് , കുറ്റവാളികൾ തൊഴിലന്വേഷകരെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ ഓൺലൈൻ തട്ടിപ്പ് തുടങ്ങിയതായി സൈബർ സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വെബ്3, ക്രിപ്‌റ്റോകറൻസി മേഖലയിൽ പുതിയ ജോലികൾ അന്വേഷിക്കുന്ന പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ തട്ടിപ്പ്. ലിങ്ക്ഡ്ഇൻ, വീഡിയോ കോളിംഗ് ആപ്പ് തുടങ്ങിയവയിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാർ ഇപ്പോൾ ലിങ്ക്ഡ് ഇന്നിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വ്യാജ ജോലി ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റിംഗിനെക്കുറിച്ച് അന്വേഷിക്കുന്നവരെ ഗ്രാസ്‍കോൾ (GrassCall) എന്ന വീഡിയോ കോൾ ആപ്പ് ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്‍തുകഴിഞ്ഞാൽ, അതിലൂടെ ആളുകളുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും സേവ് ചെയ്തിരിക്കുന്ന ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്‍ടിക്കാൻ സൈബർ തട്ടിപ്പുകാർക്ക് കഴിയും.
ഇതിനോടകം നിരവധി ആളുകൾ ഈ തട്ടിപ്പിന് ഇരയായതായും അവരിൽ പലർക്കും പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ഗ്രാസ്കോൾ ആപ്പിന് മാക്, വിൻഡോസ് ഉപകരണങ്ങളെ ബാധിക്കാൻ കഴിയും.
‘ക്രേസി ഈവിൾ’ എന്നറിയപ്പെടുന്ന റഷ്യൻസൈബർ ക്രൈം ഗ്രൂപ്പാണ് ഈ സൈബർ തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധമാണ് ഈ ഗ്രൂപ്പ്, അവിടെ അവർ ഉപയോക്താക്കളെ കബളിപ്പിച്ച് വൈറസ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യിക്കുന്നു. “കെവ്‌ലാൻഡ്” എന്ന് വിളിക്കപ്പെടുന്ന ക്രേസി ഈവിലിലെ ഒരു ഉപഗ്രൂപ്പാണ് ഈ പ്രത്യേക പ്രവർത്തനം നിയന്ത്രിക്കുന്നത്.
ലിങ്കിഡിൻ, വെൽഫൗണ്ട്, ക്രിപ്റ്റോ ജോബ്‍ലിസ്റ്റ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ജോലി ലിസ്റ്റിംഗുകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗ്രൂപ്പ് ഈ തട്ടിപ്പ് ആരംഭിച്ചത്. ” വ്യാജ ജീവനക്കാരുടെ പ്രൊഫൈലുകളും ജോലി വിവരണങ്ങളും ഉൾപ്പെടുത്തി ഈ പ്രൊഫൈലുകൾ നിയമാനുസൃതമായി കാണപ്പെടുന്ന തരത്തിലായിരുന്നു രൂപകൽപ്പന ചെയ്‍തത്.
Discussion about this post