ഒരു പതിറ്റാണ്ടായി അന്ധത; കാഴ്ച വീണ്ടെടുക്കാൻ കണ്ണിൽ കോമ്പല്ല് വച്ചുപിടിപ്പിച്ചുള്ള അപൂർവ്വ ശസ്ത്രക്രിയ

Published by
Brave India Desk

അന്ധയായ യുവതിക്ക് കാഴ്ച തിരികെ ലഭിക്കാന്‍ പല്ലെടുത്ത് കണ്ണില്‍ വച്ചുള്ള അപൂര്‍വ ശസ്ത്രക്രിയ. കനേഡിയന്‍ യുവതിയായ ഗാലി ലെയിനാണ് “ടൂത്ത്-ഇൻ-ഐ സർജറി” എന്നറിയപ്പെടുന്ന ഈ നൂതനവും അപൂർവവുമായ ശസ്ത്രക്രിയ നടത്തിയത്. പത്ത് വര്‍ഷം മുന്‍പ് 64-ാം വയസിൽ അപസ്മാരത്തെ തുടർന്നാണ് ഗാലി ലെയിന് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. അന്ന് കഴിച്ച ആൻറി-സെയ്ഷർ മരുന്നുകളുടെ പ്രതികരണമായി സ്റ്റീവൻസ് ജോൺസൺ സിൻഡ്രോം ബാധിച്ചത്. അങ്ങനെയാണ് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്.

രോഗിയുടെ കണ്ണിൽ പല്ലുകൾ സ്ഥാപിച്ച് പുതിയതും പ്രവർത്തനക്ഷമവുമായ ഒരു കോർണിയ സൃഷ്ടിക്കുക എന്നതാണ് ശസ്ത്രക്രിയ രീതി. ശസ്ത്രക്രിയയുടെ ആദ്യഘട്ടമെന്നോണം രോഗിയുടെ കോമ്പല്ലെടുത്ത് ഇതിനുള്ളില്‍ പ്ലാസാറ്റിക്ക് ഒപ്റ്റിക്കല്‍ ലെന്‍സ് വെച്ച ശേഷം ഈ ഘടനയെ പൂര്‍ണമായും കണ്ണിലേക്ക് മാറ്റുന്നതാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ആദ്യ മൂന്നു മാസത്തേക്ക് 3 കോടി രൂപ ചിലവുവരുമെന്ന് കണക്കുകൂട്ടുന്നതായാണ് ഗാലി ലെയ്ൻ പറയുന്നത്.

വാൻകൂവറിലെ മൗണ്ട് സെയ്ന്‍റ് ജോസഫ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഇതിന്‍റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായതെന്ന് ആശുപത്രി അധികൃതര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കാഴ്ച വീണ്ടെടുക്കുമോ ഇല്ലയോ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

ഗാലി ലെയിനിന്‍റെ പല്ല് പുറത്തെടുത്ത് അത് ചതുരാകൃതിയിലാക്കി അതിനൊരു ദ്വാരം ഉണ്ടാക്കും. ഇതിലേക്ക് ഒരു പ്ലാസ്റ്റിക്ക് ഒപ്റ്റിക്കല്‍ ലെന്‍സ് കടത്തും. ഈ പല്ല് മൂന്ന് മാസ കാലം ലെയിനിനിന്‍റെ കവിളില്‍ ഘടിപ്പിക്കും. ഇതാണ് ആദ്യ ഘട്ടം. ഈ ശസത്രക്രിയയ്ക്ക് ആറു മണിക്കൂര്‍ സമയമെടുക്കും.

മൂന്ന് മാസത്തിന് ശേഷം കവിളില്‍ നിന്നും പല്ലെടുത്ത് കണ്ണിന്‍റെ മുന്‍ഭാഗത്തായി ഘടിപ്പിക്കും. പിങ്ക് കളറിലുള്ള കണ്ണും കറുത്ത വൃത്തവുമാണ് രോഗിക്ക് ലഭിക്കുക. സങ്കീര്‍ണമായ ശസ്ത്രക്രിയയാതിനാല്‍‍ ഒരു കണ്ണില്‍ മാത്രമാണ് ഇത് ചെയ്യുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അധികപേരും കേട്ടുപരിചയം പോലുമില്ലാത്ത അപൂര്‍വ ശസ്ത്രക്രിയ രീതിയാണിതെന്ന് ശസ്ത്രക്രിയ നടത്തിയ നേത്രരോഗവിദഗ്ധന്‍ ഡോ. ഗ്രെഗ് മൊളോണി വ്യക്തമാക്കി. പല്ലിൽ ഡെന്‍റിൻ അടങ്ങിയിട്ടുണ്ട്, പ്ലാസ്റ്റിക് ലെൻസ് സ്ഥാപിക്കാൻ അനുയോജ്യമായ ടിഷ്യു ആയതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ടൂത്ത്-ഇൻ-ഐ എന്നറിയപ്പെടുന്ന ശസ്ത്രക്രിയയുടെ മെഡിക്കൽ നാമം ഓസ്റ്റിയോ-ഓഡോണ്ടോ കെരാറ്റോപ്രോസ്തെസിസ് എന്നാണ്.

പതിറ്റാണ്ടുകളായി ലോകമെമ്പാടും നടത്തിവരുന്ന അപൂർവമായ ഒരു ശസ്ത്രക്രിയ ആണിത്. അതേ സമയം കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്. എല്ലാ കാഴ്ച പ്രശ്നങ്ങൾക്കുമുള്ള ഒരു സാർവത്രിക പരിഹാരമല്ല ഈ പ്രക്രിയയെന്ന് ഡോ. മോളോണി പറഞ്ഞു. കണ്ണിലേൽക്കുന്ന കെമിക്കൽ പൊള്ളൽ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ അല്ലെങ്കിൽ മറ്റ് ആഘാതങ്ങൾ മൂലമുണ്ടാകുന്ന കഠിനമായ കോർണിയൽ അന്ധതയുള്ള ആളുകൾക്കാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ ഫലപ്രദമാകണമെങ്കിൽ രോഗികൾക്ക് ആരോഗ്യകരമായ റെറ്റിനയും ഒപ്റ്റിക് നാഡികളും ഉണ്ടായിരിക്കണമെന്നതും ശ്രദ്ധേയമാണ്.

 

Share
Leave a Comment

Recent News