നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് നടി അഹാന. നടി ഡ്രഗ് ഉപയോഗിക്കുന്നു , പ്രമോഷനിൽ സഹകരിക്കുന്നില്ല എന്നീ ആരോപണങ്ങൾ ഉയർത്തി സംവിധായകൻ മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയതിനെ തുടർന്നാണ് അഹാനയുടെ പ്രതികരണം. ഈ ആരോപണങ്ങളെല്ലാം സ്വന്തം തെറ്റുകൾ മറയ്ക്കാനായി നൈന വ്യാജമായി കെട്ടിച്ചമയ്ക്കുകയാണെന്ന് അഹാന വ്യക്തമാക്കി. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ആരോപണങ്ങൾക്കെതിരെ പ്രതികരിക്കണോ വേണ്ടയോ എന്ന് നിരവധി തവണ ആലോചിച്ചു. പിന്നീട് തന്റെ ഭാഗം വ്യക്തമാക്കണമെന്ന തീരുമാനത്തെ തുടർന്നാണ് വിശദീകരണ കുറിപ്പുമായി എത്തിയത്. സിനിമയുടെ സംവിധായകനും ഭാര്യയും തന്റേയും കുടുംബത്തിന്റെയും മേൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകൾ മറയ്ക്കാനായിരുന്നുവെന്നും അഹാന കുറിപ്പിൽ വ്യക്തമാക്കുന്നു.
2020 ഫെബ്രുവരി. നാൻസി റാണി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. 2021 ഡിസംബർ വരെ ഈ ഷൂട്ടിംഗ് തുടർന്നു. സിനിമ എങ്ങനെ പൂർത്തികരിക്കും എന്നതിനെ പറ്റി സംവിധായകന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. മദ്യപിച്ച് കാരവനിലിരുന്ന സംവിധായകനെയും അസിസ്റ്റൻറുമാരെയും കാത്ത് അഭിനേതാക്കളും ടെക്നീഷ്യൻമാരും നിരാശരായിട്ടുണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വാഭാവികമായും 2023ൽ അന്തരിച്ച സംവിധായകൻ മനു ജെയിംസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ നൈനയെക്കുറിച്ചും പറയേണ്ടി വരും. നിർഭാഗ്യവശാൽ എനിക്ക് അവരെക്കുറിച്ച് പറയാനുള്ള കാര്യങ്ങൾ അത്ര സുഖകരമല്ല. അവരുമായി എനിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു.
എങ്കിലും മരിച്ച ഒരാളെക്കുറിച്ച് പരസ്യമായി മോശമായി സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. നൈന ചെയ്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. കൂടാതെ, സത്യം എന്നും അതിന്റെ വഴി കണ്ടെത്തുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ നൈന പരസ്യമായി എനിക്കെതിരെ നുണകളുടെ ചീട്ട് കൊട്ടാരം പണിതിരിക്കുകയാണ്. ഇത് ‘ചെറിയ ‘ പ്രശ്നമല്ല, ഞാൻ നിങ്ങൾക്കെതിരെ കേസ് നൽകേണ്ടിവന്ന ഗുരുതരമായ പ്രശ്നമാണ്. പ്രശ്നങ്ങൾ നിങ്ങൾക്ക് അറിയില്ലെന്ന് നടിക്കരുത്. നിങ്ങളും അതിൽ പങ്കാളിയാണെന്നും അഹാന പ്രതികരിക്കുന്നു. സിനിമയുടെ ആദ്യ പ്രസ് മീറ്റിൽ നിങ്ങൾ എനിക്ക് മേൽ ആക്ഷേപം നടത്തിയപ്പോൾ ഞാൻ ഉടനടി പ്രതികരിച്ചില്ല. എന്നാൽ, ഇപ്പോൾ തന്റെ നീതിക്കായി പോരാടേണ്ട സമയമായി എന്ന് പറഞ്ഞാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്.
സിനിമയുടെ റിലീസിംഗിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രമോഷനിൽ അഹാന പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് പ് സ് മീറ്റിൽ അഹാനക്കെതിരെ നൈന ആരോപണം ഉന്നയിച്ചത്. മാർച്ച് 14 നാണ് നാൻസി റാണി റിലീസ് ചെയ്യുന്നത്.
Discussion about this post