തിരുവനന്തപുരം: ലഹരിവേട്ടയിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലഹരിയെയല്ല എസ് എഫ് ഐ യെ ഒതുക്കാനാണ് ചിലർക്ക് വ്യഗ്രത എന്നാണ് തോന്നുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലഹരിയെക്കുറിച്ച് പറയുമ്പോൾ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കുറ്റപ്പെടുത്തുന്നവരെ അവരുടെ നേതാക്കൾ തിരുത്തണമെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് ആണ് കേരളത്തിലെ ലഹരി ഏജന്റ് എന്ന് പറയാനോ ഏതെങ്കിലും യുവജന വിദ്യാർത്ഥി സംഘടനയാണ് ലഹരിയുടെ ഏജന്റെന്ന് പറയുന്നതിനോ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. എൽഡിഎഫായാലും യുഡിഎഫായാലും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരേ നിലപാട് സ്വീകരിക്കുന്നവരാണ്. ഏതെങ്കിലും പ്രത്യേക മുന്നണിക്ക് ലഹരി വ്യാപകമാകണമെന്ന് ആഗ്രഹമില്ല.യുവജന വിദ്യാർത്ഥി സംഘടനകളും ക്യാംപെയിൻ സംഘടിപ്പിച്ചുവരികയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ലഹരിയല്ല, എൽഡിഎഫ് സർക്കാരാണ് പ്രശ്നം എന്ന് പ്രചരിപ്പിക്കുന്നവരെ ജനം മനസിലാക്കും. അങ്ങനെ ശ്രമിക്കുന്നവരെ നേതാക്കൾ തന്നെ തിരുത്തണം. ലഹരിക്കെതിരായ പോരാട്ടം ഒരുമിച്ചാണ്. എസ്എഫ്ഐയെ പിരിച്ചുവിടണം എന്ന് പറയുന്നവർ അത് ഇന്ന് പറയാൻ തുടങ്ങിയതല്ലെന്നും റിയാസ് പറഞ്ഞു.
ലഹരിയാണോ എസ്എഫ്ഐയാണോ അവരുടെ പ്രശ്നമെന്ന് അങ്ങനെ പറയുന്നവർ നയം വ്യക്തമാക്കണം. ലഹരി ഇല്ലാതാക്കലാണോ എസ്എഫ്ഐയെ ഇല്ലാതാക്കലാണോ അവരുടെ മുഖ്യഅജണ്ട? ഞങ്ങൾക്ക് ഒറ്റ അജണ്ടയേയുള്ളൂ. എല്ലാവരും ഒന്നിച്ചുനിൽക്കണം. ലഹരി ഇല്ലാതാക്കണം. ഇതിന്റെ സ്രോതസ്സ് കണ്ടെത്തണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post