ന്യൂഡൽഹി : മൂന്ന് വർഷങ്ങൾക്കു മുൻപ് വരെ രാജ്യത്ത് വലിയ പ്രതിസന്ധിയായി തീർന്നിരുന്ന കൽക്കരിക്ഷാമം ഇനി വെറും പഴങ്കഥ. കൽക്കരി ഉൽപാദനത്തിൽ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് മോദി സർക്കാർ. രാജ്യത്തെ കൽക്കരി ഉൽപാദനം നടപ്പ് സാമ്പത്തിക വർഷത്തിൽ 1 ബില്യൺ ടൺ മറികടന്നു. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
2022 വരെയുള്ള കാലയളവിൽ രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിരുന്നു. രാജസ്ഥാൻ, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മൂന്നു മണിക്കൂറിലേറെ പവർകട്ട് പോലും കൽക്കരി ക്ഷാമത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ക്ഷാമത്തെ തുടർന്ന് കൽക്കരി ലഭ്യമാകാത്ത അവസ്ഥയിൽ രാജ്യത്തെ പല താപവൈദ്യുത നിലയങ്ങളും വൈദ്യുതി ഉൽപാദനത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന ഈ സാഹചര്യത്തെ മറികടക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വരികയായിരുന്നു. കൽക്കരി ഖനനത്തിൽ അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപാദനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ഈ ശ്രമങ്ങളാണ് മൂന്നു വർഷങ്ങൾ കൊണ്ട് പ്രതീക്ഷിച്ചതിലും വലിയ ഫലപ്രാപ്തിയിലേക്ക് എത്തിയിരിക്കുന്നത്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ പ്രധാന ഊർജ്ജ സ്രോതസ്സാണ് കൽക്കരി. അതിനാൽ തന്നെ കൽക്കരിക്ഷാമം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചിരുന്നത്. തുടർന്നാണ് ആഭ്യന്തര കൽക്കരി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ കടന്നത്. ഇതിന്റെ ഭാഗമായി നിലവിൽ വൈദ്യുതി, കൽക്കരി, റെയിൽവേ മന്ത്രാലയങ്ങൾ, സിഇഎ, കോൾ ഇന്ത്യ ലിമിറ്റഡ്, സിംഗരേണി കൊളിയറീസ് കമ്പനി ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു അന്തർ-മന്ത്രാലയ ഉപഗ്രൂപ്പിന്റെ നിരീക്ഷണത്തിൽ കൽക്കരി ഉത്പാദനവും വിതരണവും സ്ഥിരമായി വിലയിരുത്തപ്പെടുന്നുണ്ട്. പരിസ്ഥിതി മന്ത്രാലയം ആരംഭിച്ച ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന് കീഴിൽ കൽക്കരി പൊതുമേഖലാ സ്ഥാപനങ്ങൾ വിപുലമായ നടപടികൾ സ്വീകരിച്ചതിന്റെ ഫലമായാണ് ഇപ്പോൾ രാജ്യത്തെ കൽക്കരി പ്രതിസന്ധിക്ക് അവസാനമായിരിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ രാജ്യം 929.15 മെട്രിക് ടൺ കൽക്കരി ആണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ സവിശേഷതകളുള്ള ആധുനിക ഉപകരണങ്ങൾ കൽക്കരി ഖനനത്തിൽ വിന്യസിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ഉൽപാദനം ഊർജ്ജക്ഷമമാക്കിയത് എന്നുള്ളതിനാൽ ഖനനം മൂലമുള്ള പരിസ്ഥിതി ദോഷങ്ങളും ഇല്ലാതാക്കാൻ കഴിഞ്ഞു. കൽക്കരി ഗ്യാസിഫിക്കേഷൻ, കൽക്കരി ബെഡ് മീഥെയ്ൻ (CBM) പോലുള്ള ശുദ്ധമായ കൽക്കരി സാങ്കേതികവിദ്യകളിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് കാർബൺ ഉദ്വമനം കുറയ്ക്കാനും കഴിഞ്ഞു എന്നുള്ളത് കേന്ദ്രസർക്കാരിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.
Discussion about this post