ന്യൂഡൽഹി : 2026 മാർച്ച് 31 ന് മുമ്പ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് ഭീകരവാദം പൂർണ്ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് നടന്ന രാജ്യസഭാ സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ വേരോടെ പിഴുതെറിയുക എന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിആർപിഎഫ്, ഡിആർജി, എസ്ടിഎഫ്, ബിഎസ്എഫ്, ഐടിബിപി സൈനികർ ഒന്നിച്ചുനിന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. നക്സൽ ബാധിത മേഖലകളിലെ പ്രധാന പ്രദേശങ്ങളിൽ, സിആർപിഎഫും അതിന്റെ പ്രത്യേക യൂണിറ്റായ ‘കോബ്ര’യും കമ്മ്യൂണിസ്റ്റ് ഭീകരരുമായി നിരന്തരം ഏറ്റുമുട്ടലുകൾ നടക്കുന്നു. കീഴടങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്ന വഴി മാത്രമാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് മുൻപിൽ ഉള്ളത് എന്നും അമിത് ഷാ സൂചിപ്പിച്ചു.
സുരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു പ്രദേശവും ഇപ്പോൾ അവശേഷിക്കുന്നില്ല. വെറും 48 മണിക്കൂറിനുള്ളിൽ ഒരു ‘ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ്’ സ്ഥാപിച്ചുകൊണ്ട് അവർ മുന്നോട്ട് നീങ്ങുകയാണ്. ഇപ്പോൾ കമ്മ്യൂണിസ്റ്റ് ഭീകരാർക്ക് കാടുകളിൽ ദീർഘദൂരം രക്ഷപ്പെടാൻ കഴിയില്ല. അവരുടെ വിതരണ ശൃംഖല വിച്ഛേദിക്കപ്പെട്ടു. അവരുടെ പരിശീലന കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ഭീകരർ പുതിയ റിക്രൂട്ട്മെന്റുകൾ പോലും പൂർണ്ണമായും നിർത്തിവച്ചുകഴിഞ്ഞു. അടുത്ത 375 ദിവസത്തിനുള്ളിൽ രാജ്യത്തുനിന്നും കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ പൂർണമായും തുടച്ചുനീക്കും എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു.
Discussion about this post