ന്യൂഡൽഹി : ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം തദ്ദേശീയ സൈനിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ നടപടിയുമായി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തി പകരുന്നതിനായി പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാർ ആണ് കേന്ദ്ര സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. 156 തദ്ദേശീയ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (LCH) വൻതോതിൽ വാങ്ങുന്നതിന് മന്ത്രിസഭാ സുരക്ഷാ സമിതി അംഗീകാരം നൽകി.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ ആണിത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായുള്ള (എച്ച്എഎൽ) ഈ കരാർ 45,000 കോടി രൂപയുടെ മൂല്യമുള്ളതാണ്. എച്ച്എഎല്ലിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ഓർഡർ കൂടിയാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്ററിനേക്കാൾ പ്രവർത്തനക്ഷമമായ ഹെലികോപ്റ്ററുകൾ ആയാണ് ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകൾ അറിയപ്പെടുന്നത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ കർണാടകയിലെ ബെംഗളൂരുവിലെയും തുംകൂറിലെയും പ്ലാന്റുകളിലായിരിക്കും ഹെലികോപ്റ്ററുകൾ നിർമ്മിക്കുക. ‘വലിയ’ ഉയരമുള്ള പ്രദേശങ്ങളിൽ എളുപ്പത്തിൽ പറക്കാൻ കഴിയുമെന്നതാണ് ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകളുടെ പ്രധാന സവിശേഷത. മറ്റ് ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് കൂടുതൽ ദൂരപരിധി ഉള്ളതിനാൽ പാകിസ്താൻ-ചൈന അതിർത്തികളായ പർവത പ്രദേശങ്ങളിൽ അങ്ങേയറ്റം ഉപയോഗപ്രദമാണ് ഈ ഹെലികോപ്റ്ററുകൾ. അരുണാചൽ പ്രദേശിലെ ഇടുങ്ങിയ താഴ്‌വരകളിൽ പോലും എളുപ്പത്തിൽ പറക്കാൻ കഴിയുമെന്ന് ഈ ഹെലികോപ്റ്ററുകൾ തെളിയിച്ചിട്ടുണ്ട്.
മിസൈലുകളും ഗ്രനേഡ് ലോഞ്ചറുകളും ഉൾപ്പടെ ‘പ്രചണ്ഡ്’ ഹെലികോപ്റ്ററിൽ ഘടിപ്പിക്കാൻ കഴിയുന്നതാണ്. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾക്ക് തുടർച്ചയായി 3 മണിക്കൂറും 10 മിനിറ്റും പറക്കാൻ കഴിയും. റഡാർ ഒഴിവാക്കൽ സവിശേഷതകൾ, കവച സംരക്ഷണ സംവിധാനം, രാത്രികാലങ്ങളിലെയും മോശം കാലാവസ്ഥയിലെയും ആക്രമണ ശേഷികൾ, അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനുള്ള കഴിവ് എന്നിവയും ഈ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്.
Discussion about this post