ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയും ഗിബ്ലി ചിത്രങ്ങളുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. ഇതിനകം തന്നെ നിരവധി പേർ തങ്ങളുടെ ഗിബ്ലി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രദ്ധേയരായി. എന്നാൽ ഇപ്പോൾ ഓപ്പൺ എഐ സ്ഥാപകനും സിഇഒയുമായ സാം ആൾട്ട്മാൻ പങ്കുവെച്ച ചില ഗിബ്ലി ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗിബ്ലി ചിത്രങ്ങളാണ് സാം ആൾട്ട്മാൻ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. മോദിയുടെ വിവിധ ഗിബ്ലി ചിത്രങ്ങൾ കണ്ട് വിദേശികളും ഇന്ത്യക്കാരുമായ നിരവധി പ്രമുഖരാണ് ഈ പോസ്റ്റിനു താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. ഇതിനകം തന്നെ 20 ലക്ഷത്തോളം പേർ സാം ആൾട്ട്മാന്റെ ഈ പോസ്റ്റ് കണ്ടു കഴിഞ്ഞു. സാം ആൾട്ട്മാന് എന്താണ് ഇന്ത്യയോട് ഇത്ര പ്രിയം എന്നാണ് ചിലർ ഈ പോസ്റ്റിനു താഴെ ചോദിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ സ്റ്റുഡിയോ ഗിബ്ലി ശൈലിയിലുള്ള ഛായാചിത്രങ്ങൾ കേന്ദ്ര സർക്കാർ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആയിരുന്നു പങ്കുവെച്ചിരുന്നത്. ഈ പോസ്റ്റ് ആണ് ഇന്ത്യൻ പതാക ക്യാപ്ഷൻ ആയി നൽകി സാം ആൾട്ട്മാൻ പങ്കുവെച്ചിട്ടുള്ളത്. ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ഗിബ്ലി ശൈലിയിൽ ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവിധ ചിത്രങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്.
പ്രധാന കഥാപാത്രമല്ല, കഥ തന്നെ അദ്ദേഹമാണ് എന്ന് അടിക്കുറിപ്പോടെയായിരുന്നു മൈ ഗവൺമെന്റ് ഓഫ് ഇന്ത്യ എക്സ് അക്കൗണ്ടിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. മോദി തന്റെ പശുക്കിടാവിനോടൊപ്പം നിൽക്കുന്നതും, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൈ കുലുക്കുന്നതും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പോസ് ചെയ്യുന്നതും, മോദി അയോധ്യയിലെ രാം ലല്ല ക്ഷേത്രം സന്ദർശിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പോസ്റ്റിൽ ഉള്ളത്.
Discussion about this post