കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയായ ജെ.എസ്. സിദ്ധാർത്ഥനെ റാഗിംഗിനും ക്രൂരമർദ്ദനത്തിനും വിധേയനാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികളായ 19 വിദ്യാർത്ഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് സർവകലാശാല ആന്റി റാഗിംഗ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കേസിന്റെ പശ്ചാത്തലം
2024 ഫെബ്രുവരി 18-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിൽ, എസ്എഫ്ഐ പ്രവർത്തകരടക്കമുള്ള സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സിദ്ധാർത്ഥനെ അതിക്രൂരമായ റാഗിംഗിനും മർദ്ദനത്തിനും വിധേയനാക്കിയതായി വ്യക്തമായി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരസ്യവിചാരണ നടത്തുകയും ബെൽറ്റ്, മൊബൈൽ ചാർജർ കേബിൾ എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയും ശരീരത്തിൽ ചവിട്ടുകയും ചെയ്തതായാണ് ആരോപണം. ഈ പീഡനങ്ങളും അപമാനവും മൂലമുണ്ടായ മാനസിക ആഘാതമാണ് സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സിദ്ധാർത്ഥന്റെ ശരീരത്തിലെ മുറിവുകളും കോളേജ് അധികൃതരുടെ സംശയാസ്പദമായ പെരുമാറ്റവുമാണ് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.
വിവാദങ്ങളും കോടതി ഇടപെടലും
കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമങ്ങൾ നടക്കുന്നതായി ആരോപണമുയർന്നിരുന്നു. എസ് എഫ് ഐ പ്രവർത്തകരായ പ്രതികളെ ഇടതുപക്ഷ ഭരണവും പോലീസും ചില അദ്ധ്യാപക സംഘടനകളും ചേർന്ന് സംരക്ഷിക്കുന്നതായി വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. പ്രതികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ മറ്റൊരു കാമ്പസിൽ സൗകര്യമൊരുക്കാൻ സർവകലാശാല ശ്രമിച്ചത് വിവാദമായി. ഇതിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, പ്രതികൾക്ക് പഠനം തുടരാൻ അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ, സർവകലാശാല ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ തയ്യാറാകാതെ പ്രതികളെ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കി.
എന്നാൽ, സിദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. ഈ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും സർവകലാശാലയുടെ മൃദുസമീപനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തുടർന്നാണ് ആന്റി റാഗിംഗ് കമ്മിറ്റിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 19 വിദ്യാർത്ഥികളെ പുറത്താക്കിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നൽകരുതെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം
കേസുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നു. വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയും നിയമവിഭാഗം മേധാവിയുമായിരുന്ന ഒരൂ ഉദ്യോഗസ്ഥ, കേസിൽ ഉൾപ്പെട്ട സ്വന്തം മകന്റെ ശിക്ഷ റദ്ദാക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സ്ഥാനക്കയറ്റം നൽകി നിയമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കോളേജ് ഡീനിന്റെയും അസിസ്റ്റന്റ് വാർഡന്റെയും പങ്കന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർവകലാശാല പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. കൂടാതെ, ആന്റി റാഗിംഗ് കമ്മിറ്റി ചെയർമാനായ രജിസ്ട്രാർ, ഹോസ്റ്റലുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും, രാഷ്ട്രീയ സമ്മർദ്ദം മൂലം അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കപ്പെട്ടില്ലെന്നും സസ്പെൻഷനിലായ മറ്റ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
റാഗിംഗ് കേരളത്തിൽ
സിദ്ധാർത്ഥന്റെ ദാരുണമായ മരണം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 47 റാഗിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു റാഗിംഗ് കേസിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്ന വസ്തുത ഇത്തരം ക്രൂരതകൾ ആവർത്തിക്കാൻ പ്രേരണയാകുന്നു എന്ന് സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സിദ്ധാർത്ഥൻ കേസിൽ പ്രതികളെ സർവകലാശാലയിൽ നിന്ന് പു റത്താക്കാൻ പോലും ഒരു വർഷമെടുത്തു. ഏകമകൻ ഇല്ലാതെയായ ആ കുടുംബത്തിന് ഇപ്പോഴും നീതി അകലെയാണ്. ഒരു പ്രതിക്ക് പോലും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.
Discussion about this post