തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യാനായി ചേര്‍ന്ന സി.പി.എം നേമം മണ്ഡലം കമ്മിറ്റി യോഗം അലങ്കോലമായി. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും കൈയാങ്കളിയുടെ വക്കോളമെത്തി. അവസാനം യോഗത്തില്‍ പങ്കെടുത്ത ജില്ലയിലെ തന്നെ മുതിര്‍ന്ന സംസ്ഥാനകമ്മിറ്റി അംഗം ഇടപെട്ടാണ് നേതാക്കളെ പിന്‍തിരിപ്പിച്ചത്.
യോഗത്തില്‍ നടന്ന ചര്‍ച്ചക്കിടെ നേതാവിനു ഒരു വനിതാ നേതാവിനോടുള്ള പ്രത്യേക അടുപ്പം ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നേതാവ് ഇക്കാര്യത്തില്‍ സൂക്ഷ്മതപാലിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നേതാവിന്റെ ഔദ്യോഗിക പരിപാടികളിലും ഇവരെയും കൊണ്ടാണ് നടക്കുന്നത്. ജനപ്രതിനിധി പോലും അല്ലാത്ത ഇവരുമായി നേതാവിനു എന്തു ബന്ധമാണെന്നും ഇയാള്‍ ചോദിച്ചു. ഈ പരാമര്‍ശത്തോടു യോജിക്കുന്ന തരത്തില്‍ മണ്ഡലം സെക്രട്ടറിയും പ്രതികരിച്ചതോടെ നേതാവ് ക്ഷുഭിതനായി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയോളനെത്തി.
ആരോപണമുന്നയിച്ചയാളെ മണ്ഡലം സെക്രട്ടറി പദവിയില്‍ നിന്നും ഇപ്പോള്‍ പുറത്താക്കുമെന്നു നേതാവ് ആക്രോശിച്ചു. നിന്റെ ഔദാര്യമല്ല ഈ പദവിയെന്നാണ് സെക്രട്ടറി ഇതിനു മറുപടി നല്‍കിയത്. വനിതാ നേതാവിനെക്കുറിച്ച് പറയുമ്പോള്‍ താന്‍ ഇത്ര ക്ഷുഭിതനാകുന്നത് എന്തിനെന്നും, ഇനി തന്റെ പ്രത്യേകബന്ധം എന്താണെന്നു ബോധ്യപ്പെടുത്തിയിട്ടു യോഗത്തില്‍നിന്നു പോയാല്‍ മതിയെന്നും സെക്രട്ടറി പറഞ്ഞു.
ഇരുവരും തമ്മില്‍ വാക്കേറ്റം തുര്‍ന്നതോടെ യോഗം തടസപ്പെടുന്ന സ്ഥിതിയിലെത്തി. അവസാനം മുതിര്‍ന്ന സംസ്ഥാന നേതാവ് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.
യോഗത്തില്‍ ഉണ്ടായ സംഭവങ്ങള്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യണമെന്നും നേതാവിന്റെ ധിക്കാരനടപടികള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതായാണ് സൂചന.
Discussion about this post