ലഖ്‌നൗ : ഉത്തർപ്രദേശിൽ ആശങ്ക സൃഷ്ടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്. കാൺപൂരിൽ വച്ചാണ് യുപി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വന്നത്. ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൺപൂർ സന്ദർശന വേദിക്ക് സമീപമാണ് സംഭവം നടന്നത്.
സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സൂചിപ്പിക്കുന്നത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും ആണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതിന് കാരണം എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തന്നെ ശക്തമായ കാറ്റ് ഉണ്ടായത് മൂലം കോപ്റ്ററിന് ശരിയായ ദിശയിൽ പറക്കാൻ കഴിയാതെ വരികയായിരുന്നു എന്നാണ് സൂചന.
മെട്രോ പദ്ധതിയുടെയും പവർ പ്ലാന്റിന്റെയും പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാൺപൂർ സന്ദർശിച്ചിരുന്നത്. വിമാനയാത്രകളെ ബാധിക്കുന്ന പ്രവചനാതീതമായ കാലാവസ്ഥയാണ് നിലവിൽ ഉത്തർപ്രദേശിൽ നിലനിൽക്കുന്നത്. മുഖ്യമന്ത്രി യോഗിയുടെ ഹെലികോപ്റ്ററിന്റെ പൈലറ്റിന്റെയും ജീവനക്കാരുടെയും പെട്ടെന്നുള്ള പ്രതികരണം മൂലം യാതൊരു പ്രശ്നങ്ങളും ഇല്ലാതെ അടിയന്തര ലാൻഡിങ് നിർവഹിക്കാൻ കഴിഞ്ഞു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Discussion about this post