ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാമിലും ഭീകരരുടെ സാന്നിധ്യം. കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഹൽഗാമിന് സമാനമായി കുൽഗാമിലും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് ഭീകരരെ കണ്ടെത്തിയത്.
കുൽഗാം ജില്ലയിലെ ടാങ്മാർഗ് പ്രദേശത്ത് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ സേനയ്ക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. പൂഞ്ച് ജില്ലയുടെ അതിർത്തിയിലാണ് ഈ പ്രദേശം. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അബർബൽ വെള്ളച്ചാട്ടത്തിന് സമീപമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്.
ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രത്യേക അവലോകനയോഗം ചേർന്നു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വേട്ടയാടുമെന്നും ശക്തമായ രീതിയിൽ ഇന്ത്യ പ്രതികരിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. എൻഎസ്എ അജിത് ഡോവൽ , ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, എയർ ചീഫ് മാർഷൽ എപി സിംഗ്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് എന്നിവരും രാജ്നാഥ് സിംഗ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.
Discussion about this post