കൊച്ചി: ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാജ ഉത്പന്നങ്ങൾ. കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തിയത്. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
നിരവധി ദേശീയ, അന്തർദേശീയ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച വ്യാജ ഇലക് ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇവയെല്ലാം ഗുണമേന്മ കുറഞ്ഞ വ്യാജ ഉത്പന്നങ്ങളാണെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകൾ ഒട്ടിക്കാത്തതുമായ ഉൽപന്നങ്ങൾ ഇവയിൽ പെടുന്നുവെന്നാണ് വിവരം.ഉത്പന്നങ്ങളിൽ ഒട്ടിച്ച ലേബലുകൾ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകൾ ശരിയായി പതിയാത്തതുമായിരുന്നു.
2 വർഷം വരെ തടവും നിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ വിൽപ്പനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തുക.
Discussion about this post