ഗാന്ധി നഗർ : ഗുജറാത്തിൽ അപ്രതീക്ഷിതമായി കനത്ത മഴയും കൊടുങ്കാറ്റും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മിന്നലോട് കൂടിയ മഴയാണ് ലഭിച്ചത്. അതിശക്തമായി വീശിയ കൊടുങ്കാറ്റിൽ നിരവധി നാശനഷ്ടങ്ങളും ഉണ്ടായി. കനത്ത മഴയും കൊടുങ്കാറ്റും മൂലം 14 പേർ മരിച്ചു.
2025 മെയ് 7 വരെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശക്തമായ മഴ ലഭിച്ചതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. കാലാവസ്ഥ സ്ഥിരത പ്രാപിച്ചതിനുശേഷം മാത്രമേ നാശനഷ്ടങ്ങളുടെ പൂർണ്ണ വ്യാപ്തി വിലയിരുത്താൻ കഴിയൂ എന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്.
ഗുജറാത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവ ഉണ്ടായി. ഇതോടൊപ്പം തന്നെ ശക്തമായ മിന്നലും ഉണ്ടായിരുന്നു. മരങ്ങൾ കടപുഴകി വീണും മതിൽ ഇടിഞ്ഞു വീണും ഹോർഡിംഗുകൾ തകർന്നുവീണുമെല്ലാമാണ് ആളുകൾ മരിച്ചിട്ടുള്ളത്. അഞ്ചോളം ആളുകൾ ഇടിമിന്നലേറ്റും മരിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.








