ചണ്ഡീഗഡ് : രാജ്യത്തിനായി രക്തം ചിന്താനും ജീവൻ നൽകാനും ഞങ്ങൾ തയ്യാറാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഒത്തുചേർന്ന് ഇന്ത്യൻ യുവത്വം. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡീഗഡ് ഇന്ന് രാജ്യത്തിന് തന്നെ അഭിമാനമായ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സിവില്‍ ഡിഫന്‍സ് വളണ്ടിയറാകാന്‍ പൗരന്മാരെ ക്ഷണിച്ച് ചണ്ഡീഗഡ് ഭരണകൂടം പുറത്തിറക്കിയ അറിയിപ്പിന് പിന്നാലെയാണ് ആയിരക്കണക്കിന് പേർ രാജ്യത്തിനുവേണ്ടി പോരാടാൻ ഒന്നിച്ച് എത്തിയത്. പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി ജനങ്ങൾ എത്തിച്ചേർന്നതോടെ ചണ്ഡിഗഡിലെ ടാഗോര്‍ തിയേറ്ററില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി പിന്നീട് സെക്ടർ 17 ലെ തിരംഗ ഗ്രൗണ്ടിലേക്ക് മാറ്റേണ്ടിവന്നു.
രാജ്യം നേരിടുന്ന അടിയന്തരാവസ്ഥയിൽ സഹായിക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് ചണ്ഡീഗഢ് ഭരണകൂടം അഭ്യർത്ഥിച്ചിരുന്നു. ഈ ആഹ്വാനപ്രകാരം ആയിരക്കണക്കിന് യുവതീയുവാക്കളാണ് ഇന്ന് നിശ്ചയിച്ച സ്ഥലത്തേക്ക് എത്തിച്ചേർന്നിരുന്നത്. വന്ദേമാതരം വിളികളാൽ മുഖരിതമായിരുന്നു ഇവിടം. രക്ഷാപ്രവർത്തനങ്ങളും ബോധവൽക്കരണ കാമ്പെയ്‌നുകളും ഉൾപ്പെടുന്ന നിരവധി പരിശീലന പരിപാടികളിൽ ഈ യുവതീയുവാക്കളെ പങ്കെടുപ്പിക്കും എന്ന് ചണ്ഡീഗഢ് ഭരണകൂടം അറിയിച്ചു.
18 വയസ്സിന് മുകളിലുള്ള യുവ പൗരന്മാരെ സിവിൽ ഡിഫൻസ് വളണ്ടിയർമാരായി ചേരാനും അടിയന്തര തയ്യാറെടുപ്പുകളിൽ സഹകരിക്കാനും ക്ഷണിക്കുന്നുവെന്ന് ചണ്ഡീഗഢ് ഡെപ്യൂട്ടി കമ്മീഷണർ ആണ് അറിയിപ്പ് നൽകിയിരുന്നത്. ഇത്തരത്തിൽ വളണ്ടിയർ ആകുന്നവർക്ക് പ്രത്യേക പരിശീലനം ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നൽകുന്നതാണ്. പിന്നീട് ആവശ്യം വരുന്ന സന്ദർഭം ഉണ്ടാകുമെങ്കിൽ സേവന പ്രവർത്തനങ്ങൾക്ക് ഇവരെ നിയോഗിക്കുന്നതാണ്. പരിശീലനത്തിൽ, സിവിൽ ഡിഫൻസ് നിയമങ്ങൾ, പോലീസ് പ്രവർത്തന രീതികൾ, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ പ്രത്യേക പരിശീലനങ്ങൾ നൽകുന്നതായിരിക്കും.
Discussion about this post