വായ്പ തിരിച്ചടക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും വ്യക്തമാക്കി. വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യവസായികളെ ഓഹരി വിപണിയിലുള്ള കമ്പനികളുടെ സ്ഥാനങ്ങളില്‍നിന്ന് അയോഗ്യരാക്കുമെന്നു സെബി ചെയര്‍മാന്‍ യു.കെ. സിന്‍ഹ അറിയിച്ചു.
പുതിയ ചട്ടങ്ങളുനുസരിച്ച് വായ്പ അടക്കാത്തവര്‍ക്ക് ഓഹരി വിപണി വഴി ധനസമാഹരണത്തിലേക്ക് നീങ്ങുന്നതിന് നിരോധനമേര്‍പ്പെടുത്തുമെന്നും ഇവര്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബോര്‍ഡ് സ്ഥാനത്ത് നിന്ന് അയോഗ്യരാക്കപ്പെടുമെന്നും സെബി ചെയര്‍മാന്‍ യുകെ സിന്‍ഹ അറിയിച്ചു.
9000 കോടിയിലധികം രൂപ ബാധ്യത വരുത്തി യു.ബി. ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ്മല്യ രാജ്യം വിട്ടതിന് പിന്നാലെയാണു വലിയ തുക ബാങ്കുകളില്‍നിന്നു വായ്പയെടുത്തു തിരിച്ചടക്കുന്നതില്‍ വീഴ്ച വരുന്ന വ്യവസായികള്‍ക്കെതിരെ കര്‍ശനചട്ടങ്ങളുമായി സെബി രംഗത്തെത്തിയത്.
വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ പുതിയ കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കില്ലെന്നും പുതിയ കമ്പനികളെ ഏറ്റെടുക്കാന്‍ ഇവരെ അനുവദിക്കില്ലെന്നും സെബി വ്യക്തമാക്കി. ചട്ടം നിലവില്‍ വരുന്നതോടെ മല്യയ്ക്കു വിവിധ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു പോകേണ്ടി വരും. മല്യയുടെ യുബി ഗ്രൂപ്പും ഡിയാജിയോ കമ്പനിയുമായുള്ള ഇടപാടുകളും സെബി പരിശോധിച്ചുവരികയാണ്.
Discussion about this post