ഓപ്പറേഷൻ സിന്ദൂറിലടക്കം പാകിസ്താനെ പിന്തുണച്ച തുർക്കിക്കെതിരായ കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് അദാനിഗ്രൂപ്പും. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനം നടത്തുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം പിൻവലിച്ചിരുന്നു. തുടർന്ന്, സെലിബിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി അദാനി ഗ്രൂപ്പിന് കീഴിലെ വിമാനത്താവള നിയന്ത്രണ കമ്പനിയായ അദാനി എയർപോർട്ട് ഹോൾഡിങ്‌സ് വ്യക്തമാക്കി.
ഇതിനോടൊപ്പം ആഗോള വിമാനത്താവള ലോഞ്ച് ആക്സസ് ദാതാവായ ഡ്രാഗൺപാസ് എന്ന ചൈനീസ് കമ്പനിയുമായുള്ള പങ്കാളിത്തവും അദാനി ഗ്രൂപ്പ് ഒഴിവാക്കാൻ പോവുകയാണെന്നാണ് വിവരം.
സബ്സ്‌ക്രൈബ് ചെയ്യുന്ന അംഗങ്ങൾക്ക് ലോഞ്ച് ആക്സസും യാത്രയിൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമാണ് ഡ്രാഗൺപാസ്. അദാനിയുടെ ഉടമസ്ഥതയലുള്ള വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഈ സേവനങ്ങൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെ മേയ് എട്ടിനാണ് കമ്പനിയുമായി കരാർ പ്രഖ്യാപിച്ചത്.
അതേസമയം രാജ്യത്താകെ തുർക്കിയെയും അസർബൈജാനെയും ബഹിഷ്‌കരിക്കാനുള്ള വ്യാപക പ്രചാരണമാണ് നടക്കുന്നത്. ഇതോടെ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകൾ വൻതോതിൽ റദ്ദാക്കുകയാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ.
Discussion about this post