ന്യൂഡൽഹി : 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ സംസ്കൃത പണ്ഡിതനായ ജഗദ്ഗുരു രാമഭദ്രാചാര്യ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് പുരസ്കാരദാന ചടങ്ങ് നടന്നത്. മറ്റൊരു പുരസ്കാര ജേതാവായ കവി ഗുൽസാറിന് ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ത്യൻ സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് ജഗദ്ഗുരു രാമഭദ്രാചാര്യയെ രാഷ്ട്രപതി അഭിനന്ദിച്ചു.
58-ാമത് ജ്ഞാനപീഠ പുരസ്‌കാരം രണ്ടുപേർക്ക് ആയിരുന്നു ലഭിച്ചിരുന്നത്. സംസ്കൃത പണ്ഡിതനായ ജഗദ്ഗുരു രാമഭദ്രാചാര്യ, പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗുൽസാർ എന്നിവരായിരുന്നു പുരസ്കാര ജേതാക്കൾ. ആരോഗ്യപരമായ കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത ഗുൽസാറിന് രാഷ്ട്രപതി ആശംസകൾ അറിയിച്ചു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സാഹിത്യത്തിനും കലയ്ക്കും സമൂഹത്തിനും തുടർന്നും സംഭാവനകൾ നൽകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
രാജ്യത്തെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠ പുരസ്കാരം.
ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റ് സ്ഥാപിച്ച ജ്ഞാനപീഠ പുരസ്കാരം ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് വർഷം തോറും നൽകിവരുന്നു. 1965 മുതൽ ഇന്ത്യൻ ഭാഷകളിലെ സാഹിത്യ മികവിനെ അംഗീകരിക്കുന്നതിൽ ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റ് നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. പതിറ്റാണ്ടുകളായി അർഹരും മികച്ചവരുമായ സാഹിത്യകാരന്മാരെ ആദരിച്ചുകൊണ്ട് സ്ഥാപനം അവാർഡിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Discussion about this post