പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ നടത്തിയ ഭീകരാക്രമണത്തിന് ഭാരതം നൽകിയ മറുപടി. ഓപ്പറേഷൻ സിന്ദൂർ. 26 നിരപരാധികളുടെ ജീവൻ കവർന്നവരോട് ഈ രാജ്യം ക്ഷമിക്കില്ല എന്ന് പ്രഖ്യാപിച്ച കരുത്തുറ്റ സൈനിക നീക്കം. പാകിസ്താൻ മണ്ണിലെ തീവ്രവാദ ഫാക്ടറികൾക്ക് മേൽ ഇന്ത്യൻ മിസൈലുകൾ തീമഴ വർഷിച്ചപ്പോൾ അത് 140 കൊടി ജനങ്ങൾ ആഗ്രഹിച്ച മറുപടിയാവുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ പാകിസ്താന്റെ എയർബേസുകൾ ഉൾപ്പെടെ തകർത്ത് ഇന്ത്യ കരുത്തുകാട്ടി. ഇനിയും മുന്നോട്ട് പോയാൽ തകർന്നടിയുമെന്ന് മനസ്സിലാക്കിയ പാകിസ്താൻ സന്ധിക്ക് അപേക്ഷിച്ചു. ഇന്ത്യ സമ്മതിച്ചു . അങ്ങനെ വെടിനിർത്തൽ നിലവിൽ വന്നു.
എന്തുകൊണ്ടാണ് പാകിസ്താൻ വെടിനിർത്തലിന് അപേക്ഷിച്ചത്. ഇന്ത്യയോട് താരതമ്യം ചെയ്യുമ്പോൾ പാകിസ്താന്റെ സൈനിക ശക്തി എത്രത്തോളമുണ്ട്. ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ ഇരു രാജ്യങ്ങളുടേയും സൈനിക ശക്തി പരിശോധിക്കേണ്ടതുണ്ട്. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് അനുസരിച്ച് ഇന്ത്യയുടേ യും പാകിസ്താന്റെയും സൈനിക ശക്തി ചുരുക്കത്തിൽ ഒന്ന് പരിശോധിക്കാം.
ഇന്ത്യയുടെ ആകെ സൈനികരുടെ എണ്ണം പാരാമിലിട്ടറി ഉൾപ്പെടെ ഏകദേശം 51 ലക്ഷത്തിനു മുകളിൽ വരും. കരസേനയിൽ 22 ലക്ഷം പേർ, നാവിക സേനയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം , വ്യോമസേനയിൽ മൂന്ന് ലക്ഷത്തി പതിനായിരം പേർ. പാരാ മിലിട്ടറിയിൽ 25 ലക്ഷം പേർ..
ഇന്ത്യയുടെ കരസേനയുടെ ആക്ടീവ് സർവീസ് 14 ലക്ഷത്തി അൻപത്തയ്യായിരം വരുമ്പോൾ റിസർവ്വിൽ പതിനൊന്നര ലക്ഷം സൈനികരുണ്ട്.
സൈനികരുടെ എണ്ണത്തിൽ പാകിസ്താൻ വളരെ പിന്നിലാണ്. ഏകദേശം 17 ലക്ഷമാണ് പാരാമിലിട്ടറി ഉൾപ്പെടെ സൈനികരുടെ എണ്ണം. അതിൽ കരസേന 13 ലക്ഷം വരും , നാവിക സേന ഒരു ലക്ഷത്തി ഇരുപത്തയ്യായിരം. വ്യോമസേനയിൽ 78,000 സൈനികരുണ്ട്. കരസേനയിലെ ആക്ടീവ് സർവീസ് അംഗങ്ങൾ ആറു ലക്ഷത്തി അൻപതിനായിരത്തിനു മുകളിലുണ്ട്. റിസർവ്വിൽ അഞ്ചര ലക്ഷം സൈനികരും.
4201 ടാങ്കുകൾ ഇന്ത്യക്കുള്ളപ്പോൾ പാകിസ്താനുള്ളത് 2627 ടാങ്കുകളാണ്. ഇന്ത്യയുടെ കവചിത സൈനിക വാഹനങ്ങളുടെ എണ്ണം 1,48, 594 ആകുമ്പോൾ പാകിസ്താനുള്ളത് വെറും 17,516 കവചിത വാഹനങ്ങളാണ്. സെൽഫ് പ്രൊപ്പൽഡ് ആർട്ടിലറിയിൽ പാകിസ്താന് മുൻതൂക്കമുണ്ട് . ഇന്ത്യക്ക് 100 സെൽഫ് പ്രൊപ്പൽഡ് ആർട്ടിലറി ഉള്ളപ്പോൾ പാകിസ്താന് 662 എണ്ണമുണ്ടെന്നാണ് കണക്ക്. ടവ്‌ഡ് ആർട്ടിലറി ഇന്ത്യക്ക് 3975 എണ്ണമുണ്ട്. പാകിസ്താന് 2629 എണ്ണമാണുള്ളത്. ഇന്ത്യക്ക് 264 മൊബൈൽ റോക്കറ്റ് പ്രൊജക്ടേഴ്സ് ഉള്ളപ്പോൾ പാകിസ്താന് 600 എണ്ണമുണ്ട്.
ഇന്ത്യൻ നിർമ്മിത അർജുൻ ടാങ്കുകളും റഷ്യൻ സാങ്കേതിക വിദ്യകളോടു കൂടിയ ടി 90 ടി 72 ടാങ്കുകളുമാണ് ഇന്ത്യയുടെ മെയിൻ ബാറ്റിൽ ടാങ്കുകൾ. പാകിസ്താന്റേത് ചൈനീസ് സാങ്കേതിക വിദ്യയുള്ള എച്ച് .ഐ.ടി ഖാലിദ്, എച്ച്.ഐ.ടി സരാർ തുടങ്ങിയവയാണ്. യുക്രെയ്ൻ നിർമ്മിത ടി-80 യുഡിആണ് മറ്റൊരു മെയിൻ ബാറ്റിൽ ടാങ്ക്. കരസേനകൾ താരതമ്യം ചെയ്യുമ്പോൾ സൈനികരുടെ എണ്ണത്തിലും ആയുധ ശേഖരത്തിലും ഇന്ത്യ വളരെ മുന്നിലാണ്. നേരിട്ട് ഒരു യുദ്ധമുണ്ടായാൽ ഇരു ഭാഗത്തും ആൾ നാശമുണ്ടാകുമെങ്കിലും ഇന്ത്യയോട് പിടിച്ച് നിൽക്കാൻ പാകിസ്താന് കഴിയില്ല.
ലോക മഹായുദ്ധങ്ങളിൽ നിർണായക പങ്കുവഹിക്കുന്നവയാണ് ആകാശ യുദ്ധങ്ങൾ. കരസേനക്ക് എത്തിപ്പെടാൻ സാധിക്കാത്തയിടങ്ങളിൽ വേഗമെത്തി പ്രഹരം സാദ്ധ്യമാക്കാൻ ആധുനികമായ വ്യോമസേന ഏത് രാജ്യത്തിനും അത്യാവശ്യമാണ്. ആധുനിക ഫൈറ്റർജെറ്റുകളും വിവിധോദ്ദേശ്യ വിമാനങ്ങളും ഇരു രാജ്യങ്ങൾക്കുമുണ്ട്.
ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് അനുസരിച്ച് ഇന്ത്യയുടെ എയർക്രാഫ്റ്റുകളുടെ എണ്ണം 2229 ആണ്. പാകിസ്താൻ വ്യോമസേനയിൽ ആകെയുള്ളത് 1399 വിമാനങ്ങളും. 513 ഫൈറ്റർ ജെറ്റുകൾ ഇന്ത്യക്കുള്ളപ്പോൾ 328 ഫൈറ്റർ ജെറ്റുകളാണ് പാകിസ്താനുള്ളത്. ഇന്ത്യക്ക് 130 ആക്രമണ വിമാനങ്ങളുണ്ട്. പാകിസ്താന് ഉള്ളത് 90 എണ്ണമാണ്. 270 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഇന്ത്യക്കുള്ളപ്പോൾ പാകിസ്താന് 64 എണ്ണമാണുള്ളത്. ട്രെയിനിംഗിനായി 351 വിമാനങ്ങൾ ഇന്ത്യക്കുള്ളപ്പോൾ പാകിസ്താന് ഇത് 56 എണ്ണമുണ്ട് .
സ്പെഷ്യൽ മിഷനു വേണ്ടി 74 വിമാനങ്ങളാണ് ഇന്ത്യക്കുള്ളത്. പാകിസ്താന് ഇത്തരം വിമാനങ്ങൾ 27 എണ്ണമുണ്ട്. ആകാശത്ത് ഇന്ധനം പകരാൻ കഴിയുന്ന ടാങ്കറുകൾ ആറെണ്ണം ഇന്ത്യക്കുള്ളപ്പോൾ പാകിസ്താന് ഇത്തരം വിമാനങ്ങൾ 4 എണ്ണമാണുള്ളത്. ഹെലികോപ്ടറുകളുടെ എണ്ണത്തിൽ ഇന്ത്യ പാകിസ്താനേക്കാൾ വളരെ മുന്നിലാണ്. 899 ഹെലികോപ്ടറുകൾ ഇന്ത്യക്കുള്ളപ്പോൾ അതിൽ 80 എണ്ണം അറ്റാക്ക് ഹെലികോപ്ടറുകളാണ്.. പാകിസ്താന് 373 ഹെലികോപ്ടറുകളും 40 അറ്റാക്ക് ഹെലികോപ്ടറുകളുമുണ്ട്.
ഇന്ത്യയുടെ പ്രധാന ഫൈറ്റർ ജെറ്റുകൾ റഫേലും സുഖോയ് 30 എം.കെ.ഐയുമാണ്. ഇന്ത്യൻ നിർമ്മിത തേജസ്സും ഒപ്പമുണ്ട്. മിഗ് 29 ഉം മിറാഷ് 2000 വുമാണ് മറ്റ് വിമാനങ്ങൾ. അറ്റാക്കിനായി ഉപയോഗിക്കുന്നത് ജാഗ്വർ വിമാനങ്ങളാണ്. സുഖോയ് ആണ് എണ്ണത്തിൽ കൂടുതലുള്ളത്. 250 ലധികം സുഖോയ് ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യക്കുള്ളത്. റഫേൽ 36 എണ്ണമുള്ളതിൽ 8 എണ്ണം ട്രെയിനിംഗിനായാണ് ഉപയോഗിക്കുന്നത്.
പാകിസ്താന്റെ പ്രധാന ഫൈറ്റർ ജെറ്റ് ചൈനീസ് നിർമ്മിത ജെ.എഫ് 17 തണ്ടറാണ്. 160 എണ്ണമാണ് പാകിസ്താനുള്ളത്. അമേരിക്കൻ നിർമ്മിത എഫ് 16 ആണ് പ്രധാനപ്പെട്ട മറ്റൊരു ഫൈറ്റർ ജെറ്റ്. ഇത് 85 എണ്ണമാണ് പാകിസ്താനുള്ളത്.
ഹെലികോപ്ടറുകളിൽ അമേരിക്കൻ നിർമ്മിത അപ്പാഷെ ഹെലികോപ്ടറുകൾ ഇന്ത്യക്ക് 22 എണ്ണമുണ്ട്. വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ച അറ്റാക്കിംഗ് ഹെലികോപ്ടറാണ് അപ്പാഷെ . ഇത് ഈ വിഭാഗത്തിൽ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുന്ന ഒന്നാണ്.
നാവികസേന താരതമ്യം ചെയ്താൽ പാകിസ്താൻ ബഹുദൂരം പിന്നിലാണ്. ചൈനയുടെ പിന്തുണയോടെ നാവിക സേന ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇന്ത്യയോട് മുട്ടി നിൽക്കാൻ കെൽപ്പ് പാക് നാവിക സേനക്കില്ല.
നിലവിൽ 2 വിമാനവാഹിനിക്കപ്പലാണ് ഇന്ത്യക്കുള്ളത്. ഐ.എൻ.എസ് വിക്രാന്തും ഐ.എൻ.എസ് വിക്രമാദിത്യയും. പാകിസ്താന് വിമാനവാഹിനികളില്ല. അത്യാധുനിക ഡ്സ്ട്രോയറുകൾ ഉൾപ്പെടെ 13 ഡിസ്ട്രോയറുകൾ ഇന്ത്യൻ നാവിക സേനയ്ക്കുണ്ട്. പാകിസ്താന് ഒരു ഡിസ്ട്രോയർ പോലുമില്ല. ഇന്ത്യക്ക് 14 ഫ്രിഗേറ്റുകൾ ഉള്ളപ്പോൾ പാകിസ്താനുള്ളത് 9 എണ്ണമാണ്. 19 കോർവെറ്റുകൾ ഇന്ത്യൻ നാവികസേനക്ക് കരുത്തുപകരുമ്പോൾ പാകിസ്താന് 9 കോർവെറ്റുകളാണുള്ളത്. അന്തർവാഹിനികളുടെ എണ്ണത്തിലും അതിന്റെ കരുത്തിലും പാകിസ്താൻ വളരെ പിന്നിലാണ് ആണവ ശേഷിയുള്ളതുൾപ്പെടെ 18 അന്തർവാഹിനികൾ ഇന്ത്യക്കുണ്ട്. പാകിസ്താന് അവ എട്ടെണ്ണം മാത്രമേ ഉള്ളൂ . ഇന്ത്യക്ക് 135 പട്രോൾ വെസ്സലുകൾ ഉള്ളപ്പോൾ പാകിസ്താന് അത് 69 എണ്ണം മാത്രമാണ്. 3 മൈൻ വാർഫെയർ വെസലുകളാണ് പാകിസ്താന് മുൻതൂക്കമായി പറയാനുള്ളത്.
ഇരു രാജ്യങ്ങളുടേയും മിസൈൽ ശക്തി താരതമ്യം ചെയ്താൽ പാകിസ്താൻ ചിത്രത്തിൽ പോലുമില്ലെന്ന് പറയേണ്ടി വരും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ മിസൈലുകളുടെ നീണ്ട നിരതന്നെയുണ്ട് ഇന്ത്യൻ സായുധ സേനയ്ക്ക് . അഗ്നി സർഫസ് ടു സർഫസ് മിസൈൽ പതിപ്പുകൾക്ക് പകരം വെക്കാൻ പാകിസ്താന് മിസൈലുകളില്ല. ചൈനയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ ശേഖരിച്ച് പിടിച്ച് നിൽക്കാനാണ് പാകിസ്താന്റെ ശ്രമം. ഇന്ത്യയോടുള്ള സംഘർഷത്തിന് ബദലായി പാകിസ്താനെ കൂടുതൽ ആധുനികമാക്കുക എന്ന ശ്രമത്തിലാണ് ചൈനയും. എന്നാൽ പാകിസ്താന്റെ തകർന്ന സാമ്പത്തിക സ്ഥിതി സൈനികമായുള്ള വൻ വളർച്ചക്ക് തടസ്സമാകുന്നു.
ഒരു സമ്പൂർണ യുദ്ധത്തിൽ ഇന്ത്യയോട് ഒരു കാരണവശാലും പിടിച്ച് നിൽക്കാൻ പാകിസ്താനു കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ പാകിസ്താൻ സൈനിക പരിശീലനവും മറ്റും നൽകി മുജാഹിദ്ദീനുകളെ ഇന്ത്യയിലേക്ക് അയക്കുന്നത്. എന്നാൽ ഇതിനെല്ലാം സർജിക്കൽ സ്ട്രൈക്കും വ്യോമാക്രമണവുമുൾപ്പെടെ ശക്തമായ മറുപടികളാണ് ഇന്ത്യ നൽകുന്നത്. ഉറി ആക്രമണത്തിന് പകരമായി ചെയ്ത സർജിക്കൽ സ്ട്രൈക്കും പുൽവാമക്ക് തിരിച്ചടിയായി നടത്തിയ ബാലാകോട്ട് വ്യോമാക്രമണവും പാകിസ്താനെ ഉലച്ചിരുന്നു. ഇപ്പോൾ പഹൽഗാമിന് മറുപടിയായി പാക് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ച് നശിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ ശക്തമായ ആക്രമണത്തെ തുടർന്ന് പാകിസ്താൻ വെടിനിർത്തൽ അപേക്ഷിക്കുകയായിരുന്നു.
Discussion about this post