ന്യൂയോർക്ക് : ഭൂമിയുടെ അകകാമ്പിനുള്ളിൽ നിന്നും സ്വർണ്ണം ഉൾപ്പെടെയുള്ള മൂലകങ്ങൾ ചോരുന്നതായി കണ്ടെത്തൽ. ഹവായിയൻ അഗ്നിപർവ്വത ശിലകളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകർ ഈ നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഭൂമിയുടെ കാമ്പിൽ നിന്ന് സ്വർണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് ചോർന്നൊലിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സ്ഥിരീകരിക്കുന്നത്.
ഭൂമിയിലെ സ്വർണ്ണത്തിന്റെയും റുഥീനിയം പോലുള്ള വിലയേറിയ ലോഹങ്ങളുടെയും 99.99% ത്തിലധികവും ഭൂമിയുടെ അകക്കാമ്പിലാണ് സ്ഥിതി ചെയ്യുന്നത്. 3,000 കിലോമീറ്റർ കട്ടിയുള്ള പാറക്കടിയിൽ ആണ് ഈ കാമ്പ് ഉള്ളത്. നൂതന ഐസോടോപ്പിക് വിശകലന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹവായിയൻ അഗ്നിപർവ്വത ശിലകളെ കുറിച്ച് നടത്തിയ പഠനത്തിലാണ് അകക്കാമ്പിൽ നിന്നും സ്വർണ്ണം ഉൾപ്പെടെയുള്ള മൂലകങ്ങൾ ചോർന്നൊലിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
ജർമ്മനിയിലെ ഗോട്ടിംഗെൻ സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നും ഉത്ഭവിച്ച ലാവ പദാർത്ഥങ്ങൾ വിശകലനം ചെയ്തതാണ് ഈ നിർണായകമായ കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്. അസാധാരണമായി ഉയർന്ന അളവിൽ ഒരു പ്രത്യേക റുഥേനിയം ഐസോടോപ്പ് ഹവായിയൻ അഗ്നിപർവ്വത ശിലകളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
സ്വർണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉൾപ്പെടെയുള്ള ഭൂമിയുടെ അകക്കാമ്പിലെ മൂലകങ്ങൾ ഭൂമിയുടെ ആവരണത്തിലേക്ക് ചോർന്നൊലിക്കുന്നുണ്ടെന്ന ഡാറ്റയാണ് ഇപ്പോൾ ഗവേഷകർ പങ്കുവെക്കുന്നത്. ജർമ്മനിയിലെ ഗോട്ടിംഗൻ സർവകലാശാലയിലെ ജിയോകെമിസ്റ്റ് നിൽസ് മെസ്ലിംഗ് നേതൃത്വം നൽകുന്ന ഗവേഷണ സംഘം ആണ് ഈ പുതിയ വിവരങ്ങൾ പങ്കുവെച്ചത്. അഗ്നിപർവ്വത സ്ഫോടന സമയത്ത് ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തിലെത്തുന്നത് ഭാവിയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് അവസരം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
Discussion about this post