റായ്പൂർ : ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ തിങ്കളാഴ്ച മാത്രം കീഴടങ്ങിയത് 16 കമ്മ്യൂണിസ്റ്റ് ഭീകരർ. ജില്ലയിലെ ഒരു ഗ്രാമം തന്നെ കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തി നേടിയ ദിവസമായിരുന്നു ഇന്ന്. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള ഭീകരൻ ഉൾപ്പെടെയാണ് കീഴടങ്ങിയത്. ഒരു സ്ത്രീ ഉൾപ്പെടെയുള്ള 16 കേഡർമാർ കീഴടങ്ങിയതോടെ സുക്മ ജില്ലയിലെ കേർലപെൻഡ ഗ്രാമം പൂർണമായും കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി.
സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ആയിരുന്നു കമ്മ്യൂണിസ്റ്റ് ഭീകരരുടെ കീഴടങ്ങൽ. ‘പൊള്ളയായതും മനുഷ്യത്വരഹിതവുമായ’ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലും തദ്ദേശീയ ആദിവാസികൾക്കെതിരായ അതിക്രമങ്ങളിലുമുള്ള നിരാശയാണ് തങ്ങളെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്ന് ഇവർ വ്യക്തമാക്കി.
മാവോയിസ്റ്റ്സ് സെൻട്രൽ റീജിയണൽ കമ്മിറ്റി കമ്പനി നമ്പർ 2 ൽ സജീവമായി പ്രവർത്തിച്ചിരുന്ന സ്ത്രീയായ റീത്ത എന്ന ദോഡി സുക്കി ആണ് കീഴടങ്ങിയ സ്ത്രീ. ഇവരുടെ തലയ്ക്ക് സുരക്ഷാസേന 8 ലക്ഷം രൂപ വിലയിട്ടിരുന്നു. മാവോയിസ്റ്റ്സ് പിഎൽജിഎ ബറ്റാലിയൻ നമ്പർ 1 ലെ പാർട്ടി അംഗമായ രാഹുൽ പൂനെം എന്ന ഭീകരനും തലയ്ക്ക് എട്ടു ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു.
തലയ്ക്ക് മൂന്ന് ലക്ഷം രൂപ വില ഇട്ടിരുന്ന ലേകം ലഖ്മ, 2 ലക്ഷം രൂപ വീതം വിലയുണ്ടായിരുന്ന മറ്റു മൂന്ന് കേഡർമാർ എന്നിവരും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.
Discussion about this post