ന്യൂഡൽഹി : ക്വാണ്ടം ആശയവിനിമയ മേഖലയിൽ വൻ മുന്നേറ്റം കുറിച്ച് ഇന്ത്യ. ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ക്വാണ്ടം എൻടാൻഗിൾമെന്റ് ഉപയോഗിച്ചുള്ള ഫ്രീ-സ്പേസ് ക്വാണ്ടം സെക്യൂർ കമ്മ്യൂണിക്കേഷൻ എന്ന വൻ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഭാവിയിലെ യുദ്ധ മേഖലകളിൽ വലിയ മുന്നേറ്റത്തിന് സഹായകരമാകുന്ന ഈ സാങ്കേതിക വിദ്യ വിജയകരമായി വികസിപ്പിച്ചെടുത്തത് ഡിആർഡിഒയും ഐഐടി-ഡൽഹിയും ചേർന്നാണ്.
ഈ നേട്ടത്തോടെ, ഇന്ത്യ ഒരു “പുതിയ ക്വാണ്ടം യുഗത്തിലേക്ക്” പ്രവേശിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഈ വിപ്ലവകരമായ നേട്ടത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒയ്ക്കും ഐഐടി-ഡൽഹിക്കും അഭിനന്ദനങ്ങൾ അറിയിച്ചു. ഐഐടി ഡൽഹിയിലെ ഡിആർഡിഒ-ഇൻഡസ്ട്രി-അക്കാദമിയ സെന്റർ ഓഫ് എക്സലൻസ് ആണ് ഈ വലിയ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ഐഐടി ഡൽഹി കാമ്പസിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഫ്രീ-സ്പേസ് ഒപ്റ്റിക്കൽ ലിങ്ക് വഴിയാണ് ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ക്വാണ്ടം ആശയവിനിമയം സാധ്യമാക്കിയത്. ദേശീയ വികസനത്തിനായി ക്വാണ്ടം സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഇതിലൂടെ നടന്നത്. പരമ്പരാഗത പ്രീ-ആൻഡ്-മെഷർ രീതിയെ അപേക്ഷിച്ച്, സുരക്ഷയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിലൂടെ നിരവധി പ്രധാന ഗുണങ്ങൾ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.
ക്വാണ്ടം ആശയവിനിമയം അടിസ്ഥാനപരമായി തകർക്കാനാവാത്ത എൻക്രിപ്ഷൻ നൽകുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം എടുത്തുപറഞ്ഞു. ഇത് ഇരട്ട-ഉപയോഗ സാങ്കേതികവിദ്യയായി തരംതിരിക്കുന്നു. പ്രതിരോധം, ധനകാര്യം, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുൾപ്പെടെ തന്ത്രപരമായ മേഖലകളിൽ വലിയ മുന്നേറ്റത്തിന് ഈ സാങ്കേതികവിദ്യ സഹായകരമാകും എന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post