ദമാസ്കസ് : സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 കടന്നു. ആക്രമണത്തിൽ 63 പേർക്ക് ഗുരുതരമായി പരിക്കേറ്റുമുണ്ട്. ഞായറാഴ്ച വൈകുന്നേരമായിരുന്നു പള്ളിയിൽ ചാവേർബോംബ് സ്ഫോടനം നടന്നത്. ദ്വീല പ്രദേശത്തെ മാർ ഏലിയാസിന്റെ നാമധേയത്തിലുള്ള പള്ളിയിലായിരുന്നു ചാവേറാക്രമണം.
പള്ളിയിൽ ആരാധന നടക്കുന്നതിനിടയിൽ ഒരു തോക്കുധാരി അതിക്രമിച്ചു കയറി അവിടെയുള്ള ആളുകൾക്ക് നേരെ വെടിയുതിർക്കുകയും, തുടർന്ന് ഒരു സ്ഫോടകവസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു എന്നാണ് സിറിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആണ് ചാവേറാക്രമണം നടത്തിയത് എന്നും സിറിയൻ ഭരണകൂടം സൂചിപ്പിച്ചു.
സിറിയയിൽ പള്ളിക്കുള്ളിൽ വിശ്വാസികൾക്ക് നേരെ നടന്ന ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു.
ഡിസംബറിൽ മുൻ ഭരണാധികാരി ബഷാർ അൽ-അസദിനെ അട്ടിമറിച്ച് വിമതസേന അധികാരം പിടിച്ചെടുത്ത ശേഷം സിറിയൻ തലസ്ഥാനത്ത് നടക്കുന്ന ആദ്യ ആക്രമണമാണിത്. ചാവേർ ബോംബ് സ്ഫോടനത്തിൽ കുട്ടികളും പ്രായമായവരും ഉൾപ്പെടെയാണ് 22 പേർ കൊല്ലപ്പെട്ടത്.
Discussion about this post