അമരാവതി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രോജക്റ്റ് 17A സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് നീലഗിരി ഇനി നാവികസേനയുടെ കിഴക്കൻ നാവിക കമാന്റിന് സ്വന്തം. വിശാഖപട്ടണത്തെ നാവിക കമാൻഡിൽ ഐഎൻഎസ് നീലഗിരി എത്തി. കിഴക്കൻ നാവികസേനയിലെ ഉദ്യോഗസ്ഥർ ഗംഭീരമായ സ്വീകരണത്തോടെയാണ് ഈ അത്യാധുനിക യുദ്ധക്കപ്പലിനെ സ്വീകരിച്ചത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രോജക്റ്റ് 17A സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് നീലഗിരി.
മുംബൈയിൽ ആണ് ഐഎൻഎസ് നീലഗിരി നിർമ്മാണം പൂർത്തിയാക്കിയത്. ഈ വർഷം ജനുവരി 15 ന് മുംബൈ നേവൽ ഡോക്ക് യാർഡിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎൻഎസ് നീലഗിരി വിക്ഷേപിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
“ആദൃശ് യബലം, അജയ ശൗര്യം” എന്ന ആപ്തവാക്യമാണ് യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്.
ഈസ്റ്റേൺ സ്വോർഡ് – സൺറൈസ് ഫ്ലീറ്റിന്റെ ഭാഗമായിട്ടാണ് ഐഎൻഎസ് നീലഗിരി വിശാഖപട്ടണത്ത് എത്തിച്ചേർന്നിട്ടുള്ളത്. ഐഎൻഎസ് നീലഗിരിയുടെ വരവോടെ, വിശാഖപട്ടണത്തിന്റെ പ്രതിരോധ, സൈനിക പ്രാധാന്യം കൂടുതൽ വർദ്ധിച്ചതായി കിഴക്കൻ നാവികസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post