തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10 ദിവസമായി F35 യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. CISF ന്റെ പ്രത്യേക സുരക്ഷയിലാണ് വിമാനം ഉള്ളത്. പരിഹാരം വൈകുന്നതിനാൽ വിമാനത്താവള അധികൃതർക്ക് ബ്രിട്ടൻ വാടക നൽകേണ്ടി വരും.
F35 യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 40 അംഗ ബ്രിട്ടീഷ് വിദഗ്ധസംഘം വൈകാതെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയേക്കും. ബ്രിട്ടീഷ് സൈന്യത്തിലെയും F35 സ്റ്റെൽത്ത് ഫൈറ്റർ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും വിദഗ്ധരായ എൻജിനീയർമാരുടെ സംഘം ആയിരിക്കും വിമാനം പരിശോധിക്കുന്നതിനായി എത്തുക. നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര എയർബേയിലാണ് വിമാനം ഉള്ളത്.
ഇന്ത്യയുടെയും ബ്രിട്ടന്റെയും വ്യോമസേന സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തിന്റെ ഭാഗമായ യുദ്ധവിമാനമാണിത്. ജൂൺ 14ന് ആയിരുന്നു ഇന്ധനം തീർന്നതിനെ തുടർന്ന് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നത്. ഇന്ധനം നിറച്ച ശേഷം നടത്തിയ പരിശോധനയിൽ ഹൈഡ്രോളിക് സംവിധാനത്തിലും തകരാർ കണ്ടെത്തുകയായിരുന്നു.
അതേസമയം ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതിന് പിന്നാലെ olx ൽ വന്ന ഒരു പരസ്യം അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ശ്രദ്ധ നേടിയിരുന്നു. ലേഡി ഡോക്ടർ ഉപയോഗിച്ച F35 വിൽപ്പനയ്ക്ക് എന്ന രീതിയിൽ ആയിരുന്നു പരസ്യം. ഡൊണാൾഡ് ട്രംപൻ എന്ന പേരിൽ ആയിരുന്നു യുദ്ധവിമാനം olx ൽ വിൽപ്പനക്ക് ഇട്ടിരുന്നത്. മലയാളിയായ ഏതോ വിരുതൻ ഒപ്പിച്ച ഈ കുസൃതി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും വാർത്തയാക്കിയിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാർ ഇതുവരെയും പരിഹരിക്കാൻ കഴിയാതെ വന്നതോടെ ശരിക്കും ഇനി ഈ യുദ്ധവിമാനം olxൽ ഇടേണ്ടി വരുമോ എന്നാണ് നെറ്റിസൺസ് ഇപ്പോൾ ചോദിക്കുന്നത്.
Discussion about this post