ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിന്റെ അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ വ്യോമയാന അന്വേഷകന് നിരീക്ഷക പദവി നൽകണമെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ). ഐസിഎഒയുടെ ഈ ആവശ്യം ഇന്ത്യ നിരസിച്ചു. ഈ ആഴ്ച ആദ്യമാണ് ഐക്യരാഷ്ട്രസഭ വ്യോമയാന ഏജൻസി തങ്ങളുടെ വ്യോമയാന അന്വേഷകന്മാരിൽ ഒരാളെ ഇന്ത്യയിലെ അന്വേഷണത്തിൽ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അസാധാരണമായ നടപടി സ്വീകരിച്ചത്.
ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഐക്യരാഷ്ട്രസഭ വ്യോമയാന അന്വേഷക സമിതിയുടെ ഈ ആവശ്യം നിരസിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2014-ൽ ഒരു മലേഷ്യൻ വിമാനം തകർന്നതും 2020-ൽ ഒരു ഉക്രേനിയൻ ജെറ്റ്‌ലൈനർ തകർന്നതും പോലുള്ള ചില അന്വേഷണങ്ങളിൽ സഹായിക്കാൻ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മുമ്പ് അന്വേഷകരെ വിന്യസിച്ചിരുന്നു.
എല്ലാ ICAO പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടാണ് ഇന്ത്യ അന്വേഷണം നടത്തുന്നതെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പ്രതികരിച്ചു. മിക്ക വിമാനാപകടങ്ങളും അപകടം നടന്ന് ഏകദേശം 30 ദിവസങ്ങൾക്ക് ശേഷമാണ് പ്രാഥമിക റിപ്പോർട്ട് ലഭിക്കുക എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിന്റെയും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിന്റെയും വിശകലനം നടക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
Discussion about this post