കൊൽക്കത്ത : കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ടാബലാത്സഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ലോ കോളേജിലെ ജീവനക്കാരനും തൃണമൂൽ കോൺഗ്രസ് നേതാവുമായ മനോജിത് മിശ്രയും രണ്ടു നിയമവിദ്യാർത്ഥികളും ആണ് അറസ്റ്റിലായിരിക്കുന്നത്. കസ്ബ ലോ കോളേജിൽ വെച്ച് 2025 ജൂൺ 25നായിരുന്നു കൂട്ടാബലാത്സഗം നടന്നത്.
കസ്ബ ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും തൃണമൂൽ ഛത്ര പരിഷത്ത് (ടിഎംസിപി) യൂണിറ്റ് മേധാവിയുമായ മനോജിത് മിശ്ര ആണ് കേസിലെ മുഖ്യപ്രതി. മനോജിത് മിശ്രയോടൊപ്പം ജയ്ബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവരാണ് അറസ്റ്റിൽ ആയിട്ടുള്ള മറ്റു രണ്ടു പ്രതികൾ. യൂണിറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാൻ മനോജിത് ഇരയായ പെൺകുട്ടിയെയും മറ്റുള്ളവരെയും കോളേജിലെ ഒരു ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പ്രതി ഇരയോട് വിവാഹാഭ്യർത്ഥന നടത്തി. ഇര മനോജിത്തിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
വൈകുന്നേരം 7:30 ഓടെ ജനറൽ സെക്രട്ടറി യൂണിയൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. അതിനുശേഷം മനോജിത്തും മറ്റുള്ളവരും വാതിൽ പുറത്തു നിന്ന് പൂട്ടിയതായി ആരോപിക്കപ്പെടുന്നു. തുടർന്ന് ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ഇരയെ ബലമായി വാഷ്‌റൂമിന് സമീപം വലിച്ചിഴച്ച് ശാരീരികമായി ആക്രമിച്ചു. കാലുപിടിച്ചു കരഞ്ഞിട്ടും വിട്ടില്ല എന്നും തുടർന്ന് തനിക്ക് കടുത്ത ശ്വാസതടസം ഉണ്ടായി എന്നും ഇരയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ ഇരയുടെ കാമുകനെ കൊല്ലുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും മനോജിത് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ പരാതിയിൽ സൂചിപ്പിക്കുന്നു.
Discussion about this post