സംസ്ഥാനത്ത് ലഹരിമുക്തി ആഗ്രഹിക്കുന്നവരുടെയും അത് സ്വായത്തമാക്കുന്നവരുടെയും എണ്ണം വർദ്ധിക്കുന്നത് ആശ്വാസവും ആശങ്കയുമേകുന്നു. ഈ കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്‌സൈസ് വകുപ്പ് നടത്തുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററുകൾ നിന്നു ലഹരി മുക്തി നേടിയത് 1.57 ലക്ഷം പേരെന്നാണ് വിവരം. മയക്കുമരുന്നുകൾക്ക് അടിപ്പെട്ടവരിൽ 7849 പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 മുതൽ 2025 വരെയുള്ള കണക്കാണിത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 1.46 ലക്ഷം പേർക്ക് ഔട്ട്പേഷ്യന്റ് പരിചരണം ലഭിച്ചപ്പോൾ ഏകദേശം 11700 പേരെ അഡ്മിറ്റ് ചെയ്യേണ്ടി വന്നതായി രേഖകൾ വ്യക്തമാക്കുന്നു. 2021ൽ 681 പ്രായപൂർത്തിയാകാത്തവർ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയരായി. 2022ൽ ചികിത്സയ്ക്ക് വിധേയരായ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം 1238 ആയി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ 1981, 2880, 1068 (ഏപ്രിൽ 30 വരെ) എന്നിങ്ങനെയാണ് കണക്കുകൾ.
ഓരോ ജില്ലയിലും ഒന്ന് എന്ന കണക്കിൽ എക്‌സൈസ് വകുപ്പ് 14 ലഹരി വിമുക്ത കേന്ദ്രങ്ങളാണ് നടത്തുന്നത്. ഇവ താലൂക്ക് അല്ലെങ്കിൽ ജില്ലാ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടർ, ഒരു സൈക്കോളജിസ്റ്റ്, മൂന്ന് നഴ്സുമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. വകുപ്പ് നീക്കിവച്ചിരിക്കുന്ന വിമുക്തി ഫണ്ടിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുന്നത്.
Discussion about this post