എൻ പ്രശാന്ത് ആവശ്യപ്പെട്ട വിവരാവകാശ അപേക്ഷകൾ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ചുവരുത്തിയതായി വെളിപ്പെടുത്തൽ. എൻ പ്രശാന്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോ.ജയതിലകിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ വിവരാവകാശ അപേക്ഷകൾക്കുള്ള എന്ത് ഉത്തരവും നൽകാവൂ എന്ന് നിയമവിരുദ്ധമായ നിർദ്ദേശം നൽകിയെന്ന് യോഗത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായി എൻ പ്രശാന്ത് വ്യക്തമാക്കി. ക്രിമിനൽ കേസിൽ തെളിവ് നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ച് വെക്കാനും നിയമ നടപടികൾ വൈകിപ്പികാനും കൂട്ടുനിൽക്കുന്നവർക്കെതിരെയും BNS പ്രകാരവും IT Act പ്രകാരവും കേസ് വരുമെന്ന് എൻ പ്രശാന്ത് മുന്നറിയിപ്പ് നൽകി.
എൻ പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്,
പൊതുപണിമുടക്കിനിടയിലും ഇന്ന് രാവിലെ ഡോ.ജയതിലക് സെക്രട്ടേറിയറ്റിലെ എല്ലാ സ്റ്റേറ്റ് ഇൻഫൊർമ്മേഷൻ ഓഫീസർമാരെയും (SIO) വിളിച്ച് വരുത്തി, വിവിധ വകുപ്പുകളിൽ ഞാൻ നൽകിയിട്ടുള്ള വിവരാവകാശ അപേക്ഷകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ നൽകിയതായി അറിഞ്ഞു.
ഡോ.ജയതിലകിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ എന്തുത്തരവും നൽകാവൂ എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. മറുപടികൾ പരമാവധി താമസിപ്പിക്കാനും, മുട്ടാപ്പോക്ക് പറഞ്ഞ് വിവരങ്ങൾ നിഷേധിക്കാനും അദ്ദേഹം പറഞ്ഞതായി യോഗത്തിലുണ്ടായവർ അറിയിക്കുന്നു. അതാത് SIO ആണ് നിയമപ്രകാരം statutory authority. അതിൽ ഡോ.ജയതിലകിന് കൈകടത്താനാവില്ല. അദ്ദേഹം അപ്പീൽ അഥോറിറ്റി പോലുമല്ല.
ഡോ.ജയതിലക് കൃത്രിമം നടത്തിയ ഫയലുകളുടെ കൃത്യമായ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. ഈ-ഓഫീസിലെ തിരിമറിയും അനധികൃതമായി മറ്റ് ഉദ്യോഗസ്ഥരുടെ password protected അക്കൗണ്ടുകളിൽ backend ലൂടെ access എടുത്തതും, അതിനായി വ്യാജ രേഖകൾ upload ചെയ്തതും ഒക്കെ ചോദ്യങ്ങളായി കൊടുത്തിട്ടുണ്ട്. IT Act പ്രകാരം ക്രിമിനൽ കുറ്റമാണിത് എന്ന് പറയേണ്ടതില്ലല്ലോ. അച്ചടക്ക നടപടി സംബന്ധിച്ചുള്ള നിയമലംഘനങ്ങളും വിവരാവകാശപ്രകാരം ചോദിച്ചിട്ടുണ്ട്. എത്ര മറച്ച് വെച്ചാലും ആത്യന്തികമായി ഇതൊക്കെ കോടതിയിലെത്തും എന്നറിയില്ലെന്ന് തോന്നുന്നു!
ഒന്നോർക്കുക, വിവരാവകാശ നിയമം മാത്രമല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്. ക്രിമിനൽ കേസിൽ തെളിവ് നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ച് വെക്കാനും നിയമ നടപടികൾ വൈകിപ്പികാനും കൂട്ടുനിൽക്കുന്നവർക്കെതിരെയും BNS പ്രകാരവും IT Act പ്രകാരവും കേസ് വരും. മാസ്റ്റർ ഫയലുകളും മുൻപ് IT വകുപ്പ് ഉദ്യോഗസ്ഥർ രേഖാമൂലം ഇത് സംബന്ധിച്ച് നടത്തിയ കുറ്റസമ്മതവും എന്റെ പക്കലുണ്ട് എന്നത് ഫയലുകൾ നോക്കിയാൽ അറിയാം. വക്കീൽ പണി കഴിഞ്ഞ് വന്നത് കൊണ്ട് ചോദ്യങ്ങൾക്ക് പല റൗണ്ടായിട്ടുള്ള ക്രോസ് എക്സാമിനേഷന്റെ സ്വഭാവം ഉണ്ട്. ഒരെണ്ണം പോലും exempted ആയതല്ല എന്നുറപ്പിക്കിയിട്ടാണ് ചോദിച്ചിരിക്കുന്നത് എന്ന് എല്ലാ SIO കളും മനസ്സിലാക്കുക. അഭിപ്രായങ്ങൾ അല്ല, നിങ്ങൾ കൈവശം വെച്ചിരിക്കുന്ന information മാത്രമാണ് ചോദിച്ചിരിക്കുന്നത്.
വിവരങ്ങൾ മറച്ച് വെക്കുകയോ, ഓവർ സ്മാർട്ടായി ഡോ.ജയതിലക് പറയും പ്രകാരം പ്രവർത്തിക്കുകയോ ചെയ്ത് ഈ കുറ്റകൃത്യത്തിന്റെ ഭാഗമാവാതിരിക്കുക. ചോദ്യങ്ങൾക്ക് നിയമാനുസരണം മറുപടി പറഞ്ഞ് മുന്നോട്ട് പോകാം. സമയലാഭമുണ്ട്. നമുക്ക് നാളെയും കാണണ്ടേ?
ഡോ.ജയതിലക് ചുടു ചോറ് വാരാൻ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി.
Discussion about this post