ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം AI 171 തകർന്നുണ്ടായ അപകടത്തെ കുറിച്ചുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു. ധൃതിപിടിച്ച് ഒരു നിഗമനങ്ങളിലേക്കും എത്തേണ്ട എന്നാണ് മന്ത്രിയെ അഭിപ്രായപ്പെട്ടത്. നിലവിൽ പുറത്തുവന്നിട്ടുള്ളത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. അന്തിമ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംഘം പ്രശംസനീയമായ ഒരു ജോലി ചെയ്തു. അവർക്ക് ആവശ്യമായ ഏത് സഹായവും നൽകുന്നതിന് ഞങ്ങൾ എഐഐബിയുമായി (എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒരു നിഗമനത്തിലെത്താൻ കഴിയുന്ന തരത്തിൽ അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിമാനാപകടം പൈലറ്റുമാർക്ക് ഉണ്ടായ പിഴവാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ഇത്തരം വാദങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുമാരാണ് നമുക്കുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നും ലഭിച്ച ഡാറ്റ അനുസരിച്ച് വിമാനം തകരുന്നതിനു മുൻപ് വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയിരുന്നു. സ്വിച്ച് ഓഫ് ചെയ്തതാണോ എന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിക്കുന്നതിന്റെ ശബ്ദരേഖയും ബ്ലാക്ക് ബോക്സിൽ നിന്നും കണ്ടെത്തി. എന്നാൽ സഹ പൈലറ്റ് ഇക്കാര്യം നിഷേധിച്ചു. തുടർന്ന് ഇന്ധന നിയന്ത്രണ സ്വിച്ച് കട്ട് ഓഫ് എന്നതിൽനിന്നും റൺ എന്നതിലേക്ക് മാറ്റി. ഏതാനും സെക്കൻഡുകൾക്കകം തന്നെ വിമാനം തകർന്നു വീഴുകയായിരുന്നു.
അതേസമയം ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്നം ഉള്ളതായി യുഎസ് ഫെഡറൽ ഏവിയേഷൻ (എഫ്‌എഎ) അഡ്മിനിസ്ട്രേഷൻ 2018ൽ റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത. ചില ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ലോക്കിംഗ് സവിശേഷത വേർപെടുത്തി സ്ഥാപിച്ചിട്ടുണ്ടെന്ന് എഫ്‌എഎ ഏഴു വർഷങ്ങൾക്കു മുൻപ് പുറത്തിറക്കിയ ഒരു ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post