ചെന്നൈ : തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സംവിധായകൻ പാ രഞ്ജിത്തിനും മറ്റു നാല് പേർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കീലൈയൂർ പോലീസ് ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കാഞ്ചീപുരം ജില്ലയിലെ പൂങ്കണ്ടം സ്വദേശിയും പ്രൊഫഷണൽ സ്റ്റണ്ട് കോർഡിനേറ്ററുമാണ് മരിച്ച മോഹൻരാജ് (52). സിനിമാ സെറ്റിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ നാഗപട്ടണം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്തെ ദൃക്സാക്ഷികളുടെയും ഡോക്ടർമാരുടെ സംഘത്തിന്റെ യും മൊഴിയെടുത്ത ശേഷമാണ് പോലീസ് സംവിധായകനും മറ്റുള്ളവർക്കും എതിരെ കേസെടുത്തിരിക്കുന്നത്.
ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. സംവിധായകൻ പാ രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രാഫർ വിനോദ്, രാജ്കമൽ, നീലം പ്രൊഡക്ഷൻസ്, പ്രഭാകരൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ബിഎൻഎസ് ആക്ടിലെ സെക്ഷൻ 289 (അശ്രദ്ധമായ പെരുമാറ്റം), 125 (കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ), 106(1) (കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ) എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post