വടകര: വടകരയില്‍ സദാചാര പോലിസ് ചമഞ്ഞ് തോടന്നൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടിനെയും, പയ്യോളി മുന്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിനെയും ഓഫിസ് മുറിയില്‍ പൂട്ടിയിട്ട സംഭവം ഡിവൈഎഫ്‌ഐയ്ക്കും, സിപിഎമ്മിനെയും തിരിച്ചടിയാകുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി. സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസം ഇല്ലാത്തതിനാലാണ് കോടതിയിലേക്ക് നീങ്ങുന്നതെന്നാണ് സിന്ധു പറയുന്നത്.
പൊലീസിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും ഇത്തരമൊരു കെണി പ്രതീക്ഷിച്ചിരുന്നില്ലെന്നും സിന്ധു പറഞ്ഞു. സ്ത്രീയെ സംബന്ധിച്ചിടത്തോളം മാനമാണ് വലുത്. താനായതു കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. കടുത്ത അപമാനമാണ് പോലീസില്‍ നിന്ന് ഏറ്റത്. ഏത് വഴിക്ക് പോയാലും എത്ര പണം ചെലവഴിച്ചാലും നീതിക്ക് വേണ്ടി പരിശ്രമിക്കുമെന്നും സിന്ധു പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയെയും പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി. സിന്ധുവിനേയും സദാചാരപ്പോലീസ് ചമഞ്ഞ് ഒരുസംഘമാളുകള്‍ വടകര സ്വാല്‍കോസ് സഹകരണസംഘം ഓഫീസിനുള്ളില്‍ പൂട്ടിയിട്ടത്. പിന്നീട് പോലിസിനെ വിളിച്ച് വരുത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുപ്പിച്ചു, വടകര പോലീസ് മണിക്കൂറുകളോളം പരാതിയോ കേസോ ഒന്നുമില്ലാതെ കസ്റ്റഡിയില്‍ വെച്ചതിനെച്ചൊല്ലി സ്റ്റേഷന്‍ പരിസരത്ത് ഏറെനേരം സംഘര്‍ഷാവസ്ഥയും ഉണ്ടായി.
ഒടുവില്‍ വൈദ്യപരിശോധന നടത്തി രണ്ടുപേരുടെയും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കാന്‍ പോലീസ് തയ്യാറായതോടെയാണ് പ്രശ്‌നം അവസാനിച്ചത്. പോലീസിനെതിരെ വടകരയില്‍ നിരാഹാരസമരം നടത്തിയ മുരളിയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വടകര പോലീസും ഡി.വൈ.എഫ്.യും ഗൂഢാലോചന നടത്തിയാണ് ഇത്തരമൊരു സംഭവം ആസൂത്രണംചെയ്തതെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ മുരളി പ്രസിഡന്റായ സ്വദേശി ലേബര്‍ കോണ്‍ട്രാക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ(സ്വാല്‍കോസ്) വടകര കീര്‍ത്തി തിയേറ്ററിനു സമീപത്തെ ഓഫീസിനുള്ളില്‍ ഇരിക്കുകയായിരുന്നു ഇരുവരും. ഇവിടെ ജോലിയില്‍ പ്രവേശിക്കാന്‍ വന്നതായിരുന്നു സിന്ധു. ഇതിനിടെ പുറത്തുനിന്നെത്തിയ സംഘം വാതില്‍ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. വിവരമറിഞ്ഞ് ഒട്ടേറെപ്പേര്‍ തടിച്ചുകൂടി. ഇതിനിടെ രണ്ടുപേരുടെയും ചിത്രങ്ങളും വീഡിയോയുമുള്‍പ്പെടെയുള്ളവ മോശമായ വിവരണങ്ങളോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. പലയിടത്തും പോസ്റ്ററുകളും പതിച്ചു.
സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു പോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകപോലും ചെയ്യാതെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മൊഴിയെടുത്തശേഷം വൈകിട്ടോടെ കേസൊന്നുമില്ലെന്നു പറഞ്ഞ് ഇവരോട് പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും വൈദ്യപരിശോധന നടത്തി തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പോലീസ് ഇതിനു വിസമ്മതിച്ചെങ്കിലും വൈദ്യപരിശോധന നടത്താതെ തങ്ങള്‍ സ്റ്റേഷനില്‍നിന്നിറങ്ങില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു. ഇതിനിടെ സ്റ്റേഷന്‍ പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഒരുഭാഗത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും സംഘടിച്ചു. ഇതോടെ സംഘര്‍ഷാവസ്ഥ സംജാതമായി. കോണ്‍ഗ്രസ് നേതാക്കള്‍ വടകര ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് വൈദ്യപരിശോധന നടത്താന്‍ സമ്മതിച്ചത്. പരിശോധന വേണമെന്ന് മുരളിയും യുവതിയും പോലീസിന് എഴുതിനല്‍കുകയായിരുന്നു. ഇതുപ്രകാരം വടകര ഗവ. ആസ്പത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി.
ഓഫീസ് പരിസരത്ത് തടിച്ചു കൂടിയവരില്‍നിന്നു രക്ഷിക്കാനാണ് പോലീസ് ഇവരെ സ്റ്റേഷനില്‍ കൊണ്ടുവന്നതെന്നാണ് പോലിസ് പറയുന്നത്. ഓഫീസില്‍ അതിക്രമിച്ചുകയറി സദാചാരപ്പോലീസ് ചമഞ്ഞ് തങ്ങളെ ആക്രമിച്ചുവെന്നു കാണിച്ച് 20ഓളം പേര്‍ക്കെതിരെ സിന്ധു വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വീഡിയൊ-(കടപ്പാട്-മാതൃഭൂമി ന്യൂസ്)
Discussion about this post