ന്യൂഡൽഹി : ഐഐടി ഗുവാഹത്തിയിലെ 2025 ബിരുദദാന ചടങ്ങിൽ 2000-ത്തിലധികം വിദ്യാർത്ഥികൾ ആണ് ബിരുദം കരസ്ഥമാക്കിയത്. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തിയുടെ ഈ 27-ാമത് ബിരുദദാന ചടങ്ങിൽ യഥാർത്ഥത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയത് ഒരു മലയാളി വിദ്യാർത്ഥിയായിരുന്നു. തൃശ്ശൂർ സ്വദേശിയായ ശ്രീഹരി സി ആണ് ഇപ്പോൾ ഐഐടിക്കും കേരളത്തിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുന്നത്. രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ നേടിക്കൊണ്ടാണ് ശ്രീഹരി ഐഐടി ഗുവാഹത്തിലെ ബിരുദ പഠനം പൂർത്തിയാക്കിയിരിക്കുന്നത്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിടെക് ബിരുദധാരിയായ ശ്രീഹരി സി. മുഴുവൻ ബിരുദ ബാച്ചിലും ഉയർന്ന സ്കോർ കരസ്ഥമാക്കിയാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടിയത്. ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥി കൂടിയാണ് ശ്രീഹരി. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയതലത്തിൽ 452-ാം റാങ്കും ശ്രീഹരി നേടിയിരുന്നു.
തൃശ്ശൂർ വെള്ളാട്ട് ലൈനിൽ താമസിക്കുന്ന ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജർ ആർ ചന്ദ്രന്റെയും പി ആർ സുധാദേവിയുടെയും മകനാണ് ശ്രീഹരി സി. തൃശ്ശൂർ പോട്ടോരിലെ കുലപതി മുൻഷി ഭവൻസ് വിദ്യാ മന്ദിറിലായിരുന്നു ശ്രീഹരിയുടെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. പിന്നീട് തൃശ്ശൂർ വിവേകോദയം ബോയ്സ് സ്കൂളിൽ നിന്നും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ രാഷ്ട്രപതിയുടെ സ്വർണമെഡലോടെ ബിരുദം നേടിയ ശ്രീഹരി നിലവിൽ ബംഗളൂരുവിലെ ഗ്ലീൻ ടെക്നോളജീസിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി പ്രവർത്തിക്കുകയാണ്.
Discussion about this post