തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണ് ഷോക്കേറ്റ് ഉള്ള മരണങ്ങൾ വർദ്ധിച്ചതോടെ ആണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിരാവിലെ റോഡുകളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് കെഎസ്ഇബി അറിയിച്ചു. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്, ആരേയും പോകാന്‍ അനുവദിക്കുകയും അരുത്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്.
ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യുതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം. ഓര്‍ക്കുക, ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. കെ.എസ്.ഇ.ബി.യുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912-ല്‍ വിളിച്ചോ, 9496001912 എന്ന നമ്പരില്‍ കോള്‍ / വാട്സ്ആപ് മുഖേനയോ വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി അറിയിക്കാവുന്നതാണ്.
Discussion about this post