പട്ന : 30 ദിവസം ജയിലിൽ കിടന്നാൽ ഏതു മന്ത്രിമാർക്കും സ്വയമേവ സ്ഥാനം നഷ്ടപ്പെടുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ബില്ലിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സാധാരണ ഓഫീസിലെ പ്യൂണിനോ ക്ലർക്കിനോ പോലും അറസ്റ്റിൽ ആയാൽ സസ്പെൻഷൻ ലഭിക്കുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിലെ മന്ത്രിമാർ അറസ്റ്റിലായി ജയിലിൽ കിടന്നും ഭരണം നടത്തുകയാണ്. അത്തരം അവസ്ഥയ്ക്ക് മാറ്റം വരാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ ബിൽ കൊണ്ടുവന്നിട്ടുള്ളതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
അഴിമതിക്കാർ ആണ് ഈ പുതിയ ബില്ലിനെ പേടിക്കുന്നത്. ജയിലിൽ ഇരുന്നുകൊണ്ടുള്ള ഭരണം ഇനി വേണ്ട എന്നും ബീഹാറിലെ ഗയാജിയിൽ നടന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ” കഴിഞ്ഞ 65 വർഷമായി കോൺഗ്രസ് എത്രമാത്രം അഴിമതി നടത്തിയെന്ന് രാജ്യത്തെ ജനങ്ങൾക്കറിയാം. ബീഹാറിലെ ആർജെഡിയുടെ അഴിമതിയെക്കുറിച്ച് എല്ലാ കുട്ടികൾക്കും അറിയാം. ജയിലിൽ നിന്ന് തന്നെ ഫയലുകൾ ഒപ്പിട്ടു. ജയിലിൽ നിന്ന് തന്നെ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുകയായിരുന്നു. നേതാക്കൾക്ക് ഈ മനോഭാവമാണെങ്കിൽ, അഴിമതിക്കെതിരായ പോരാട്ടം എങ്ങനെ നടത്താനാകും? രാജ്യത്തിന്റെ ഭരണഘടനയ്ക്ക് ഒരു മാന്യതയുണ്ട്. അത് കീറിമുറുക്കിപ്പെടുന്നത് കണ്ടുനിൽക്കാൻ ആവില്ല” എന്നും മോദി വ്യക്തമാക്കി.
ചെറിയ രീതിയിലുള്ള എന്തെങ്കിലും കുറ്റകൃത്യമാണെങ്കിൽ നമ്മുടെ രാജ്യത്ത് 30 ദിവസത്തിനകം തന്നെ ജാമ്യം ലഭിക്കുന്നതാണ്. എന്നാൽ ഗുരുതരമായ കുറ്റകൃത്യം ആകുമ്പോഴാണ് 30 ദിവസമായാലും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയേണ്ടി വരിക. ഇത്തരം ആളുകൾ പിന്നീട് മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ല. എല്ലാ തെറ്റുകളും ചെയ്തിട്ടും, ജയിലിൽ കഴിയുമ്പോഴും അധികാരത്തിന്റെ സുഖം ആസ്വദിക്കാം എന്ന് ആരും കരുതരുത്. അതിനാണ് കേന്ദ്രസർക്കാർ ഈ നിയമം കൊണ്ടുവന്നത്. എന്നാൽ കോൺഗ്രസ്സും ആർജെഡിയും ഇടതുപക്ഷ പാർട്ടികളും ഒക്കെ ഈ നിയമത്തെ എതിർക്കുകയാണ് ചെയ്യുന്നത്. എന്തിനാണ് അവർ ഇങ്ങനെ ഭയപ്പെടുന്നത്? കാരണം അവരിൽ പലരും ഇപ്പോൾ ജാമ്യത്തിലാണ് പുറത്തു നടക്കുന്നത്. പലരും ഇപ്പോഴും കോടതിയിൽ ചുറ്റി തിരിയുകയാണ്. ഇതൊക്കെയാണ് അവർ ഈ നിയമത്തെ എതിർക്കുന്നതിന്റെ കാരണം എന്നും മോദി വ്യക്തമാക്കി.
Discussion about this post