പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇടത് വലത് മുന്നണികള്‍ക്ക് ഒരേ പോലെ പ്രശ്‌നമുണ്ടാക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് മുന്നോട്ട് പോവുകയാണ് ബിജെപി. ശക്തമായ ത്രികോണമത്സരം നടക്കാന്‍ സാധ്യതയുള്ള ആറന്മുളയില്‍ ബിജെപി മാത്രമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് പ്രചരണ രംഗത്തുള്ളത്. ബിജെപിയിലെ പ്രമുഖ നേതാവ് എംടി രമേശാണ് ഇവിടെ സ്ഥാനാര്‍ത്ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ബിജെപിയ്ക്ക് ആറന്മുളയില്‍ ജയിച്ച് കയറാനാവുമെന്നാണ് കണക്ക് കൂട്ടല്‍. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ബിജെപിയ്ക്ക് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. സിപിഎമ്മിനകത്തും, യുഡിഎഫിനകത്തും സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കം മുറുകുന്നതും ബിജെപിയ്ക്ക് ഗുണം ചെയ്യും.
മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഎം പത്തനംതിട്ട ജില്ല കമ്മറ്റിയുടെ തീരുമാനം പാര്‍ട്ടിക്ക് പുലിവാലായിരിക്കുകയാണ്. വീണ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ഉറച്ച നിലപാടിലാണ് സിപിഎം പ്രാദേശിക ഘടകങ്ങള്‍. ഓര്‍ത്തഡോക്‌സ് സഭയുടെ പേയ്‌മെന്റ് സ്ഥാനാര്‍ത്ഥിയാണ് വീണ ജോര്‍ജ്ജ് എന്നാണ് ആരോപണം. വീണാ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ സിപിഎം നടപടിയെ കുറിച്ച് ആലോചിക്കുകയാണ്.
സിപിഎമ്മിനെ പോലെ കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി നിര്‍ണയം തലവേദനയായിരിക്കുകയാണ്. സിറ്റിംഗ് എംഎല്‍എ ശിവദാസന്‍ നായരെ തന്നെ വീണ്ടും രംഗത്തിറക്കാന്‍ നീക്കം സജീവമായിരിക്കെ സീറ്റിനായി അവകാശവാദമുന്നയിച്ച് ഡിസിസി അദ്ധ്യക്ഷന്‍ മോഹന്‍രാജും രംഗത്തെത്തി.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉള്‍പ്പെടെ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടും അവസാനനിമിഷം തഴയപ്പെട്ട വ്യക്തിയാണ് മോഹന്‍ രാജ്. സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിച്ചാല്‍ മറ്റുളളവര്‍ പ്രവര്‍ത്തിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ശിവദാസന്‍ നായരെ വീണ്ടും മത്സരിപ്പിക്കാനുളള തീരുമാനത്തെക്കുറിച്ച് മോഹന്‍ രാജ് പ്രതീകരിച്ചത്.
സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആറന്മുളയില്‍ ശിവദാസന്‍ നായര്‍ പോസ്റ്ററുകള്‍ അച്ചടിച്ച് പ്രചാരണവും തുടങ്ങിയതും ഡിസിസി പ്രസിഡണ്ടിനെ ചൊടിപ്പിട്ടു. ആറന്മുള സീറ്റ് നല്‍കാം എന്ന് പറഞ്ഞാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തനിക്ക് സിറ്റ് നിഷേധിച്ചതെന്ന് മോഹന്‍രാജ് ചൂണ്ടിക്കാട്ടുന്നു. 2006 ലും 2011 ലും പലര്‍ക്ക് വേണ്ടിയും പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തി. എന്നാല്‍ ഇത്തവണ ആറന്മുളയില്‍ അവസരം നല്‍കുമെന്നാണ് പ്രതിക്ഷയെന്നും മോഹന്‍ രാജ് പറയുന്നു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ അദ്യം പരിഗണിച്ചെങ്കിലും ഒടുവില്‍ മതസാമുദായിക പരിഗണനയുടെ പേരില്‍ ആന്റോ ആന്റണിക്ക് സീറ്റ് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡിസിസി അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ വരെ മോഹന്‍രാജ് അന്ന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള സീറ്റ് നല്‍കാം എന്ന ധാരണയില്‍ അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇതിന് ഒടുവിലാണ് വീണ്ടും ശിവദാസന്‍ നായരെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ശിവദാസന്‍ നായര്‍ക്കെതിരെ മണ്ഡലത്തില്‍ പൊതുവികാരം ഉണ്ടെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
Discussion about this post