ചണ്ഡീഗഡ് : ഹരിയാന ഐജി വെടിയേറ്റ് മരിച്ച നിലയിൽ. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വൈ പുരൺ കുമാറിനെ ആണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ചണ്ഡീഗഡിലെ സെക്ടർ 11 ലെ വീട്ടിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഹരിയാന കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് വൈ പുരൺ കുമാർ. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ സുനാരിയ പോലീസ് പരിശീലന കോളേജിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പുരൺ കുമാറിന്റെ ഭാര്യ ഐഎഎസ് ഉദ്യോഗസ്ഥയായ അമ്നീത് പി. കുമാർ നിലവിൽ മുഖ്യമന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജപ്പാൻ സന്ദർശനത്തിലാണ്.
ചണ്ഡീഗഢിലെ അദ്ദേഹത്തിന്റെ വീട്ടിലെ ബേസ്മെന്റിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം മകളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സിഎഫ്എസ്എൽ സംഘം സ്ഥലത്തെത്തി അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ചണ്ഡീഗഡ് എസ്എസ്പി കൻവർദീപ് കൗർ പറഞ്ഞു.
Discussion about this post