ദീപാവലി ആശംസകളേകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നതായി മോദി എക്‌സിൽ കുറിച്ചു
പ്രസിഡന്റ് ട്രംപ്, താങ്കളുടെ ഫോൺ കോളിനും ഊഷ്മളമായ ദീപാവലി ആശംസകൾക്കും നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തിൽ, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളും പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കുന്നതും എല്ലാത്തരം ഭീകരതയ്ക്കെതിരേയും ഒറ്റക്കെട്ടായി നിലകൊള്ളുന്നതും തുടരട്ടെയെന്ന് മോദി കുറിച്ചു.
വൈറ്റ് ഹൗസിൽ ഇന്നലെ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി ഓവൽ ഓഫീസിൽ വിളക്ക് കൊളുത്തി ട്രംപ് ഇന്ത്യയിലെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നിരുന്നു. ആഘോഷത്തിനിടെ ഗ്രേറ്റ് ഫ്രണ്ട് എന്നാണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചത്. തിന്മയ്ക്കും അന്ധകാരത്തിനും മേലുള്ള പ്രകാശത്തിന്റെയും വിജയത്തിന്റെയും ഓർമപ്പെടുത്തലാണ് ഈ ഉത്സവമെന്ന് വിശേഷിപ്പിച്ച ട്രംപ്, ദീപാവലി ആഘോഷിക്കുന്ന എല്ലാ അമേരിക്കക്കാർക്കും ആശംസകൾ നേരുകയും ചെയ്തു. മോദിയുമായി സംസാരിച്ചെന്നും മികച്ച സംഭാഷണമാണ് നടന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും വർഷങ്ങളായി നല്ല സുഹൃത്തായി മാറിയെന്നും പറഞ്ഞുകൊണ്ട് മോദിയെ പ്രശംസിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹത്തിന് അതിൽ താത്പര്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Discussion about this post