ബെംഗളൂരു : ബെംഗളൂരുവിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു. മാറത്തഹള്ളിക്ക് സമീപമുള്ള ദേവരബീസനഹള്ളിയിലെ വേണുഗോപാൽ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. അനധികൃത ബംഗ്ലാദേശി പൗരനാണ് ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ടിച്ചത്.
അനധികൃത കുടിയേറ്റക്കാരനായ കബീർ മൊണ്ടൽ എന്ന ബംഗ്ലാദേശി ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും ‘അല്ലാഹു അക്ബർ’ വിളിച്ചുകൊണ്ട് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചവിട്ടുകയും തകർക്കാൻ ശ്രമിക്കുകയും ആയിരുന്നു. ക്ഷേത്ര ജീവനക്കാരുടെ ബഹളം കേട്ട് ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന ചെരുപ്പുകുത്തി തൊഴിലാളിയാണ് കബീർ മൊണ്ടൽ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധിച്ച വിശ്വാസി സമൂഹം പ്രതിക്കെതിരെ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.









Discussion about this post