ഇസ്ലാമാബാദ് : പാകിസ്താനിൽ ഭരണഘടന ഭേദഗതിക്കെതിരെ നടക്കുന്ന പൊതുജന പ്രക്ഷോഭങ്ങളിൽ ഒപ്പം ചേർന്ന് പ്രതിപക്ഷ പാർട്ടികളും. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ), തെഹ്രീക് തഹാഫുസ് അയിൻ-ഇ-പാകിസ്ഥാൻ (ടി.ടി.എ.പി) എന്നീ പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധങ്ങൾ നടന്നു.
പാകിസ്താൻ സർക്കാർ കൊണ്ടുവന്ന 27-ാം ഭരണഘടനാ ഭേദഗതിക്കെതിരെയും റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരിമാരോട് മോശമായി പെരുമാറിയതിലും ആണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്.
പി.ടി.ഐ സ്ഥാപകൻ ഇമ്രാൻ ഖാന്റെ സഹോദരിമാരോട് ഭരണകൂടം മോശമായി പെരുമാറിയതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് പി.ടി.ഐ അറിയിച്ചു. പി.ടി.ഐയും ടി.ടി.എ.പിയും ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ്, കറാച്ചി എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടത്തി. മറ്റ് നിരവധി ജില്ലകളിലും പ്രവർത്തകർ റാലികൾ നടത്തി.
27-ാം ഭേദഗതി ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമായി പാകിസ്താനിലെ പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചു. പി.ടി.ഐയെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കാനും സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുമാണ് 27-ാം ഭേദഗതി കൊണ്ടുവന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. ഇമ്രാൻ ഖാന്റെ സഹോദരിമാരോട് നടന്നതായി ആരോപിക്കപ്പെടുന്ന മോശം പെരുമാറ്റം അസഹനീയമാണെന്നും ജുഡീഷ്യറിയിൽ സമ്മർദ്ദം ചെലുത്താൻ സർക്കാർ ഫോം 47 ഉപയോഗിക്കുന്നുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു.













Discussion about this post