ശ്രീനഗർ : ഡൽഹി സ്ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു വൈറ്റ് കോളർ ഭീകരൻ കൂടി പിടിയിൽ. ജെയ്ഷ്-ഇ-മുഹമ്മദിന്റെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന തുഫൈൽ നിയാസ് ഭട്ട് എന്നയാളാണ് അറസ്റ്റിലായത്. ശ്രീനഗറിൽ നിന്നുമാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
ജമ്മു കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) ശനിയാഴ്ച ബത്മാലൂ പ്രദേശത്ത് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് തുഫൈൽ നിയാസ് ഭട്ട് അറസ്റ്റിലായത്.
ഒക്ടോബർ മധ്യത്തിൽ നൗഗാമിലെ ബൻപോറയിൽ ചുമരുകളിൽ ഒട്ടിച്ചിരുന്ന ചില പോസ്റ്ററുകൾ ആണ് രാജ്യത്തെ നടുക്കിയ വൈറ്റ് കോളർ ഭീകര ശൃംഖല കണ്ടെത്തുന്നതിലേക്ക് നയിച്ചത്. പോലീസിനെയും സുരക്ഷാ സേനയെയും ഭീഷണിപ്പെടുത്തുന്ന ഈ പോസ്റ്ററുകളെ കുറിച്ച് ശ്രീനഗർ പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തിന് പിന്നാലെ രാജ്യത്തെ വലിയൊരു ഭീകര ശൃംഖലയാണ് വെളിപ്പെട്ടത്. ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ട് ഡോ. ജി.വി. സുന്ദീപ് ചക്രവർത്തി നേരിട്ട് മേൽനോട്ടം വഹിച്ച അന്വേഷണത്തിലും സിസിടിവി വിശകലനത്തിലും ആദ്യ മൂന്ന് പ്രതികളായ ആരിഫ് നിസാർ ദാർ എന്ന സാഹിൽ, യാസിർ ഉൽ അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാർ എന്ന ഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചു.
ഈ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുൻ പാരാമെഡിക്കും പുരോഹിതനുമായ മൗലവി ഇർഫാൻ അഹമ്മദിലേക്ക് അന്വേഷണസംഘം എത്തിയത്. കൂടുതൽ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ അന്വേഷണം തീവ്രവാദ ശൃംഖലയുടെ യഥാർത്ഥ കേന്ദ്രമായിരുന്ന ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലേക്ക് എത്തി. അവിടെ നിന്ന് ഡോ. മുസാഫർ ഗനായി, ഡോ. ഷഹീൻ സയീദ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് ഒളിവിൽ പോയിരുന്ന മറ്റൊരു ഡോക്ടർ ഭീകരൻ ഉമർ നബി ഡൽഹിയിൽ ചാവേർ ബോംബ് സ്ഫോടനം നടത്തി 13 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തത്.










Discussion about this post