അരുണാചൽപ്രദേശ് സ്വദേശിനിയായ യുവതിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിൽ ചൈനയോട് പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യക്കാരിയെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും അരുണാചൽ സ്വദേശിക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
യാത്രക്കാരിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കൺവെൻഷൻ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അനാവശ്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് ഉണ്ടായിരുന്ന പ്രെമ വാങ്‌ജോം തോങ്‌ഡോക് എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്.പാസ്‌പോർട്ടിൽ ജന്മസ്ഥലമായി അരുണാചൽ പ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും അവർ പറയുന്നു.
യുകെയിലെ സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിന് ശേഷമാണ് യുവതിക്ക് തുടർന്ന് യാത്ര ചെയ്യാനായത്. തനിക്കുണ്ടായ ദുരനുഭവത്തിൽ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത ഉദ്യോഗസ്ഥർക്ക് കത്തയച്ചു.













Discussion about this post