സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കന്യാകുമാരി കടലിന് മുകളിലും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമായും മാറാൻ സാദ്ധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്താണ് മഞ്ഞ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്












