സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യുനമർദ്ദമായി (Depression ) ശക്തിപ്രാപിക്കാൻ സാധ്യത.തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്–പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യത. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം സെൻയാർ (Senyar ) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു 27-ാം തീയതി രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിർത്തി തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (നവംബർ 26) തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.












