മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരണപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് സെനറ്റർ ഖുറം സീഷൻ. ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നും നിലവിൽ അഡിയാല ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ വിടാൻ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമായാണ് ഖാനെ ഒറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഭരണകൂടം ഇമ്രാൻ ഖാന്റെ ജനപ്രീതിയെ ഭയപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിടാൻ അവർ അനുവദിക്കാത്തതെന്നും ഖുറം സീഷൻ പറയുന്നു.
‘ഇത് വളരെ നിർഭാഗ്യകരമാണ്. അദ്ദേഹം ഒറ്റപ്പെട്ടിട്ട് ഏകദേശം ഒരു മാസമായി, അദ്ദേഹത്തിന്റെ കുടുംബത്തിനും അഭിഭാഷകർക്കും പാക് തെഹ്രീക്-ഇ-ഇൻസാഫിന്റെ മുതിർന്ന നേതൃത്വത്തിനും പോലും അദ്ദേഹത്തെ കാണാൻ അനുവാദമില്ല. ഇത് പൂർണ്ണമായ മനുഷ്യാവകാശ ലംഘനമാണ്. അവർ അദ്ദേഹത്തെ എന്തോ നിർബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുകയാണെന്ന് തോന്നുന്നുവെന്നും ഖുറം സീഷൻ ആരോപിച്ചു.
ഇമ്രാൻ ഖാനുമായി ഒരു കരാറിൽ ഏർപ്പെടാൻ അവർ ശ്രമിക്കുകയാണ്, രാജ്യം വിടാൻ ആവശ്യപ്പെടുന്നു. വിദേശത്തേക്ക് പോയി ഇഷ്ടമുള്ള സ്ഥലത്ത് മൗനം പാലിച്ചാൽ പോലും അവർ അദ്ദേഹത്തിന് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇമ്രാൻ ഖാൻ ഒരിക്കലും അതിന് സമ്മതിക്കില്ല. അദ്ദേഹം എങ്ങനെയുള്ള നേതാവാണോ, അദ്ദേഹം ഒരിക്കലും അത് അംഗീകരിക്കില്ലെന്നും ഖുറം സീഷൻ വ്യക്തമാക്കി.










