ഭാരതത്തിന്റെ കരുത്തിന് മുന്നിൽ പാകിസ്താൻ വിറയ്ക്കുന്നു. അതിർത്തിയിൽ ഇന്ത്യൻ സേന നടത്തുന്ന ‘ഓപ്പറേഷൻ സിന്ദൂർ 2.0’ (Operation Sindoor 2.0) സൃഷ്ടിച്ച പരിഭ്രാന്തിയിൽ, നിയന്ത്രണരേഖയിലുടനീളം വൻതോതിലുള്ള പ്രതിരോധ സന്നാഹങ്ങളുമായി പാക് സൈന്യം. ഇന്ത്യൻ ഡ്രോണുകളെയും വ്യോമാക്രമണങ്ങളെയും ഭയന്ന് പാക് അധീന കശ്മീരിലെ മുൻനിര പ്രദേശങ്ങളിൽ അതീവ ജാഗ്രതയാണ് പാകിസ്താൻ പുലർത്തുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണാത്മക നിലപാടുകൾ പാകിസ്താനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം നടത്തിയ തകർപ്പൻ നീക്കങ്ങളിൽ പ്രകോപിതരായ പാകിസ്താൻ, റാവലകോട്ട്, കോട്‌ലി, ഭീംബർ സെക്ടറുകളിൽ തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ (C-UAS) വിന്യസിക്കുകയാണ്. 12-ാമത് ഇൻഫൻട്രി ഡിവിഷനും കോട്‌ലി-ഭീംബർ മേഖലയിലെ 23-ാമത് ഡിവിഷനുമാണ് ഈ വിന്യാസങ്ങൾക്ക് നേതൃത്വം നൽകുന്നത്. 30-ലധികം പ്രത്യേക ഡ്രോൺ വിരുദ്ധ യൂണിറ്റുകളെയാണ് പാകിസ്താൻ അതിർത്തിയിൽ കാവൽ നിർത്തിയിരിക്കുന്നത്.
ഇന്ത്യൻ പോസ്റ്റുകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ രണ്ടാം ആസാദ് കശ്മീർ ബ്രിഗേഡ് മുതൽ ഏഴാം ആസാദ് കശ്മീർ ബ്രിഗേഡ് വരെയുള്ള വിവിധ വിഭാഗങ്ങളെയാണ് പാകിസ്താൻ നിയോഗിച്ചിരിക്കുന്നത്. രജൗരി, പൂഞ്ച്, നൗഷേര, സുന്ദർബാനി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ നീക്കങ്ങളെ പ്രതിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യൻ മണ്ണിൽ ഭീകരത വിതയ്ക്കാൻ ശ്രമിക്കുന്നവർക്ക് അതിർത്തി കടന്നെത്തി പ്രഹരം നൽകുന്ന ഇന്ത്യയുടെ പുതിയ ‘ആക്രമണാത്മക പ്രതിരോധ’ രീതി പാക് സൈനിക കേന്ദ്രങ്ങളെ ഉറക്കമില്ലാത്ത രാത്രികളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ സ്വീകരിക്കുന്ന ‘അടിച്ചാൽ തിരിച്ചടിക്കും’ എന്ന വിട്ടുവീഴ്ചയില്ലാത്ത നയവും , കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തുന്ന വൻകിട യുദ്ധാഭ്യാസങ്ങളും പാകിസ്താനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളിലെ വിടവുകൾ നികത്താൻ ചൈനയോടും തുർക്കിയോടും പാകിസ്താൻ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
സ്വന്തം മണ്ണിൽ ഭീകരവാദികളെ പോറ്റി വളർത്തുന്ന പാകിസ്താൻ, ഭാരതത്തിന്റെ ഓരോ നീക്കത്തെയും പേടിയോടെയാണ് നോക്കിക്കാണുന്നത്. അതിർത്തി കടന്നുള്ള ഇന്ത്യൻ ഡ്രോണുകൾ തങ്ങളുടെ താവളങ്ങൾ തകർക്കുമോ എന്ന ഭയമാണ് പാക് സൈനിക കേന്ദ്രങ്ങളെ ഇപ്പോൾ നയിക്കുന്നത്. ഭാരതത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ഓപ്പറേഷൻ സിന്ദൂർ 2.0 ലൂടെ ഇന്ത്യൻ സൈന്യം ലോകത്തിന് നൽകുന്നത്.











Discussion about this post