ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ നിർമ്മാതാക്കളായ സ്കൈറൂട്ട് എയറോസ്പേസ് ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആറ് പേലോഡുകളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിച്ച ദൗത്യത്തിന്റെ ചരിത്രവിജയത്തിലാണ് പ്രധാനമന്ത്രി സ്കൈറൂട്ട് സ്ഥാപകരായ പവൻ ചന്ദന, ഭരത് ദാക എന്നിവരെയും മറ്റ് ജീവനക്കാരെയും നേരിട്ട് പ്രശംസിച്ചത്.
വിക്ഷേപണ ചടങ്ങുകൾ താൻ തത്സമയം വീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സ്കൈറൂട്ട് ടീമിലെ ഭൂരിഭാഗം പേരും 25-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്ന് തോന്നിച്ചതായും ഈ നേട്ടം രാജ്യത്തെ കൂടുതൽ യുവാക്കൾക്ക് മുന്നോട്ട് വരാൻ വലിയ പ്രചോദനമാകുമെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ദേശീയ ഗാനമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ ചരിത്ര ദൗത്യം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ ഭാഗമായി ‘വന്ദേമാതരം’ എന്ന് രേഖപ്പെടുത്തിയ ഒരു പോസ്റ്റ്കാർഡ് പ്രധാനമന്ത്രി വിക്രം-1 റോക്കറ്റിലൂടെ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ നാഴികക്കല്ലാകുന്ന ഈ ദൗത്യം ശ്രീഹരിക്കോട്ടയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. ഐഎസ്ആർഒ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എൽവി-3 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതിന്റെ 46 വർഷങ്ങൾക്ക് ശേഷമാണ് അതേ മണ്ണിൽ നിന്ന് ഒരു സ്വകാര്യ കമ്പനി തങ്ങളുടെ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം ആവർത്തിച്ചിരിക്കുന്നത്.








