ഭാരതത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ പുതിയ സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച സമയത്തിൽ നിന്നും അല്പം വൈകി കൃത്യം ഉച്ചയ്ക്ക് 12.05നാണ് റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നത്. രാവിലെ 11.30 ന് നിശ്ചയിച്ചിരുന്ന വിക്ഷേപണത്തിന്റെ ആദ്യ കൗണ്ട്ഡൗൺ സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുകയും, മുൻകരുതൽ നടപടിയുടെ ഭാഗമായി അഞ്ച് മിനിറ്റ് കാത്തിരിക്കാൻ നിർമ്മാതാക്കളായ സ്‌കൈറൂട്ട് എയറോസ്‌പേസ് നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ രണ്ടാമത്തെ കൗണ്ട്ഡൗണിനൊടുവിൽ വിക്ഷേപിച്ച റോക്കറ്റ് നിശ്ചിത പാതയിലൂടെ വിജയകരമായി ദൗത്യം പൂർത്തിയാക്കിയതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രമുഖ സ്വകാര്യ ബഹിരാകാശ വിക്ഷേപണ ഏജൻസിയായ സ്‌കൈറൂട്ട് എയറോസ്‌പേസ് നിർമ്മിച്ച വിക്രം-1, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റാണ്. ഏകദേശം 12 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള ഈ റോക്കറ്റിന് ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 450 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ എത്തിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ പരീക്ഷണ ദൗത്യത്തിൽ വിക്രം-1 ഉപഗ്രഹങ്ങൾക്ക് പകരം വിവിധ സ്റ്റാർട്ടപ്പുകളുടെ ആറ് അത്യാധുനിക പേലോഡുകളാണ് വഹിച്ചത്. ബഹിരാകാശ അവശിഷ്ടങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് ഉൾപ്പെടെയുള്ളവയാണ് ഇതിൽ പ്രധാനം. ബെംഗളൂരു ആസ്ഥാനമായ ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് ത്രീ, കോസ്‌മോസെർവ് സ്‌പേസിന്റെ ‘എംബ്രേസ്’ എന്ന ബഹിരാകാശ റോബോ ഹാൻഡ്, സ്‌കൈറൂട്ടിന്റെ സ്വന്തം സ്‌കോപ്പ് സാറ്റ് എന്നിവയും ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് സ്‌പേസിന്റെ സാങ്കേതികവിദ്യ പരീക്ഷണവും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
ആധുനിക സാങ്കേതിക വിദ്യകൾക്ക് പുറമെ, ഇന്ത്യൻ ശാസ്ത്ര ലോകത്തെ ഇതിഹാസങ്ങളായ വിക്രം സാരാഭായ്, സി വി രാമൻ, ഡോ. എ പി ജെ അബ്ദുൾ കലാം എന്നിവരുടെ അരിമണിയേക്കാൾ ചെറിയ സൂക്ഷ്മ ശില്പങ്ങളും ഈ റോക്കറ്റിൽ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ലാബ് നിർമ്മിത ഡയമണ്ട് ആഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ കാർഡുകളും പേലോഡിന്റെ ഭാഗമായി വിക്രം-1 ലുണ്ട്. നാളിതുവരെ ഐഎസ്ആർഒ വികസിപ്പിച്ച റോക്കറ്റുകൾ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ വിക്രം-1 ന്റെ വിജയം വലിയൊരു സ്വകാര്യ വിപ്ലവത്തിന് തന്നെ തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 60 ഡിഗ്രി ചരിവിലുള്ള 450 കിലോമീറ്റർ ദൂരത്തിലെ ഭ്രമണപഥം ലക്ഷ്യമിട്ടു നടത്തിയ ഈ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ പ്രയാണത്തിലെ നിർണ്ണായക നാഴികക്കല്ലാണെന്ന് സ്‌കൈറൂട്ട് എയറോസ്‌പേസ് കോ-ഫൗണ്ടറും സിഇഒയുമായ പവൻ കുമാർ ചന്ദന വ്യക്തമാക്കി.








